പണിമുടക്ക് മുതലെടുത്ത് കൊള്ള: കോഴിക്കോട്-കല്‍പ്പറ്റ യാത്രക്ക് 200 രൂപ; സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു

By Web TeamFirst Published Nov 8, 2021, 12:43 AM IST
Highlights

മോശമായി പെരുമാറിയെന്നും അമിതനിരക്ക് ഈടാക്കിയെന്നും കാണിച്ച് ബസ് ജീവനക്കാര്‍ക്കെതിരെ യാത്രക്കാര്‍ പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കുമെന്ന് ബസിലെ യാത്രക്കാര്‍ പറഞ്ഞു.
 

കല്‍പ്പറ്റ: കെഎസ്ആര്‍ടിസി (KSRTC) ബസ് തൊഴിലാളികളുടെ പണിമുടക്ക് (Strike) മുതലെടുത്ത് ഭീമമായ തുക ഈടാക്കി അനധികൃതമായി സര്‍വീസ് നടത്തിയെന്ന യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് സ്വകാര്യബസ് പൊലീസ് (Police) കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഒന്‍പതിന് കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് കല്‍പറ്റയിലേക്ക് സര്‍വീസ് നടത്തിയ 'ഇരഞ്ഞിക്കോത്ത്' എന്ന ലിമിറ്റഡ് സ്റ്റോപ് ബസാണ് കല്‍പ്പറ്റ ടൗണില്‍ വെച്ച് പൊലീസ് (police) പിടിച്ചെടുത്തത്. മോശമായി പെരുമാറിയെന്നും അമിതനിരക്ക് ഈടാക്കിയെന്നും കാണിച്ച് ബസ് ജീവനക്കാര്‍ക്കെതിരെ യാത്രക്കാര്‍ പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കുമെന്ന് ബസിലെ യാത്രക്കാര്‍ പറഞ്ഞു. 

കോഴിക്കോട് നിന്നും കല്‍പറ്റക്കുള്ള യാത്രക്ക് 200 രൂപയാണ് സ്വകാര്യ ബസ് അധികൃതര്‍ ടിക്കറ്റ് നിരക്കായി ഈടാക്കിയതത്രേ. 100 രൂപയില്‍ താഴെ നിരക്കുള്ളപ്പോഴാണ് ഭീമമായ സംഖ്യ ഈടാക്കിയത്. കണ്ടക്ടര്‍ നല്‍കിയ ടിക്കറ്റില്‍ കോഴിക്കോട് ജില്ലയിലെ തന്നെ പല സ്ഥലങ്ങളാണ് രേഖപ്പെടുത്തിയിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. പരാതിക്കൊപ്പം ഇത്തരത്തില്‍ ലഭിച്ച ടിക്കറ്റും പൊലീസിന് യാത്രക്കാര്‍ കൈമാറിയിട്ടുണ്ട്. കോഴിക്കോട് നിന്ന് ബസ് പുറപ്പെടുമ്പോള്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. അമിത ചാര്‍ജ് ചോദ്യം ചെയ്തവരോട് പ്രത്യേക സര്‍വിസാണെന്നാണത്രേ ബസ് ജീവനക്കാര്‍ പറഞ്ഞിരുന്നത്. പ്രതികരിച്ചവരെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായും യാത്രക്കാര്‍ പറഞ്ഞു. 

അമിത ചാര്‍ജിനെ എതിര്‍ത്തവരെ ഇറക്കിവിട്ടില്ലെങ്കില്‍ ബസ് എടുക്കില്ലെന്ന തന്ത്രം ജീവനക്കാര്‍ പ്രയോഗിച്ചതോടെ കുറേ യാത്രക്കാര്‍ പ്രതികരിച്ചവര്‍ക്കെതിരെ തിരിഞ്ഞു. അമിത ചാര്‍ജ് നല്‍കാന്‍ പണം തികയാതെ വന്ന പലരും ബസില്‍വെച്ച് തന്നെ ഇതര യാത്രക്കാരോട് കടം വാങ്ങിയാണ് ടിക്കറ്റ് എടുത്തത്. ജീവനക്കാരുടെ ഭീഷണി തുടരുന്നതിനിടെ അമിത ചാര്‍ജിനെ ചോദ്യം ചെയ്ത യുവാക്കളില്‍ ചിലര്‍ പൊലീസ് സ്റ്റേഷനുകളില്‍ വിവരം ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. അതേ സമയം ബസിന്റെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞതാണെന്നാണ് കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും ആരോപണമുണ്ട്.
 

tags
click me!