
മലപ്പുറം: നിരത്തിൽ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസിലെ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. ട്രാൻസ്‌പോർട്ട് കമീഷണറുടെ പരാതി പരിഹാര സെല്ലിൽ കിട്ടിയ പരാതിയുടെ അടി സ്ഥാനത്തിൽ ജില്ല ആർ.ടി.ഒ സി.വി.എം. ഷരീഫാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. ഫെബ്രുവരി എട്ടിനാണ് സംഭവം.
രാവിലെ 10.25ന് കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ് ആലുങ്ങലിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയതായിരുന്നു. ആ സമയത്ത് അപകടം ഉണ്ടാകുന്ന രീതിയിൽ പുറകിൽ വന്ന മറ്റൊരു സ്വകാര്യ ബസ് മനപ്പൂർവം മറികടന്ന് നിർത്തിയിട്ടിരുന്ന ബസിനെ ഇടിപ്പിക്കുകയായിരുന്നു. പുല്ലാരയിൽ നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന ബസായിരുന്നു അപകടമുണ്ടാക്കിയത്.
ആളെ കയറ്റാൻ നിർത്തിയിട്ട ബസിലെ വിവിധ ഭാഗങ്ങളിൽ ഘടിപ്പിച്ച കാമറയിൽ അപകട ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സഹിതം ബസുടമ ആർടിഒക്ക് പരാതി നൽകി. തുടർന്ന് ജില്ല ആർ.ടി.ഒ നടത്തിയ അന്വേഷണത്തിൽ മഞ്ചേരി സ്വദേശിയായ ഡ്രൈവർ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്നാണ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. നിരത്തിലെ മത്സരയോട്ടങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ കർശന നടപടിയെടുക്കുമെന്ന് ആർ.ടി.ഒ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam