കൊച്ചിയിൽ 20 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

By Web TeamFirst Published Sep 18, 2019, 6:24 PM IST
Highlights

എറണാകുളം ജില്ലയിലെ സ്വകാര്യ ബസുകൾ ഈ മാസം 20 മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം

കൊച്ചി: എറണാകുളം ജില്ലയില്‍ ഈ മാസം നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. സെപ്റ്റംബർ 20 മുതൽ നടത്താനിരുന്ന സമരമാണ് പിന്‍വലിച്ചത്. ബസുടമകളും തൊഴിലാളി പ്രതിനിധികളുമായി ജില്ലാ കളക്ടർ എസ് സുഹാസ് നടത്തിയ ചർച്ചയിലാണ് തീരുമാനം. വൈറ്റിലയിൽ ബസുകളുടെ ഗതാഗത ക്രമീകരണത്തിലും സ്വകാര്യ ബസുകളുടെ സമയത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നതിലും പ്രതിഷേധിച്ചാണ് ബസുടമകൾ പണിമുടക്കിന് നോട്ടീസ് നൽകിയിരുന്നത്.

പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടാകുമെന്നതിനാൽ പണിമുടക്കിൽ നിന്ന് പിന്തിരിയാൻ ജില്ലാ കളക്ടർ യോഗത്തിൽ സ്വകാര്യ ബസുടമകളോടും തൊഴിലാളികളോടും ആവശ്യപ്പെട്ടു. വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള വിവിധ മാർഗ്ഗങ്ങൾ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ജി പൂങ്കുഴലി, എസിപി ഫ്രാൻസിസ് ഷെൽബി, ആർടിഒ കെ മനോജ് കുമാർ തുടങ്ങിയവരുമായി ജില്ലാ കളക്ടർ ചർച്ച ചെയ്തു. വൈറ്റില അണ്ടർ പാസിലൂടെ ബസുകൾ കടത്തിവിടുകയും ചെറുവാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്യുക, ബൈപ്പാസിന് പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിലെ തടസങ്ങൾ നീക്കി ഗതാഗത യോഗ്യമാക്കുക എന്നീ സാധ്യതകളാണ് പരിശോധിച്ചത്.

സർവീസ് റോഡിലെ തടസം നീക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ടർപാസിലൂടെ ബസുകൾ കടത്തിവിടുന്നതിന്റെ ആവശ്യകത ഡിസിപിയുമായും കളക്ടർ ചർച്ച ചെയ്തു. ഇതുപ്രകാരം ഒരാഴ്ചയ്ക്കകം ആ റോഡ് ഗതാഗതയോഗ്യമാക്കാൻ കൊച്ചി കോർപ്പറേഷൻ അധികൃതരോടും പൊതുമരാമത്ത് വകുപ്പിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

click me!