മൂന്നാറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഭരണപ്രതിപക്ഷ പാർട്ടികളുടെ പരിപാടികൾ

By Web TeamFirst Published Jan 19, 2022, 11:18 PM IST
Highlights

മൂന്നാറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഭരണപ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ വിവിധ പരിപാടികള്‍

ഇടുക്കി: മൂന്നാറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഭരണപ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ വിവിധ പരിപാടികള്‍. കൂറുമാറിയ അംഗങ്ങള്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണയും ഉപവാസ സമരവും സംഘടിപ്പിച്ചപ്പോള്‍ സിപിഎം പോഷക സംഘടനയായ വ്യാപാരി വ്യവസായി സമിതി പ്രതിനിധികളെ സംഘടിപ്പിച്ചുകൊണ്ട് രണ്ടുദിവസത്തെ ശില്പശാല സംഘടിപ്പിച്ചു. 

പരിപാടി മുന്‍ വൈദ്യുതിമന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ കോവിഡിന്റെ മൂന്നാംതരംഗം അലയടിക്കുമ്പോഴാണ് സര്‍ക്കാര്‍ വകുപ്പുകള്‍ പുറപ്പെടുവിച്ച നിന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി മൂന്നാറില്‍ ഭരണപ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. രാവിലെ മൂന്നാര്‍ ടൗണില്‍ കൂറുമാറിയ പഞ്ചായത്ത് അംഗങ്ങള്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണയും പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ഉപവാസ സമരവും സംഘടിപ്പിച്ചു. 

നിരവധി പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്. പഞ്ചായത്ത് സെക്രട്ടറിയുടെ മൂക്കിന് മുമ്പില്‍ പോലീസിന്റെ കണ്‍മുമ്പില്‍ നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരും തയ്യറായില്ല. മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാകട്ടെ കുടുംബശ്രീയുടെ എഡിഎസ് തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ഇതില്‍ അമ്പതിലധിതം സ്ത്രീകളാണ് പങ്കെടുത്തത്.

ഭരണകക്ഷിയുടെ പോഷക സംഘടനയായ വ്യാപാരി വ്യവസായി സമിതിയുടെ നേത്യത്വത്തില്‍ പഴയമൂന്നാര്‍ സില്‍വര്‍ ടിപ്‌സ് ഹോട്ടലില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ വ്യാപാരികളെ സംഘടിപ്പിച്ചുകൊണ്ട് ശില്പശാല സംഘടിപ്പിച്ചു. രാവിലെ നടന്ന സമ്മേളനമാകട്ടെ മുന്‍ വൈദ്യുതി മന്ത്രി എംഎം മണിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ജില്ലയില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

click me!