കെഎസ്ആർടിസിയിൽ 'പ്രോജക്റ്റ് സൂര്യ'യ്ക്ക് തുടക്കമായി, വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം നൽകുമെന്നും മന്ത്രി സിപി ജോൺ

Published : Aug 23, 2026, 06:40 PM IST
cp john

Synopsis

കെഎസ്ആർടിസിയുടെ പ്രോജക്റ്റ് സൂര്യയ്ക്ക് തുടക്കമായി. കുറഞ്ഞ ചെലവിൽ പഴയ ബസുകൾ നവീകരിക്കുന്നതിനൊപ്പം സാങ്കേതിക വിദ്യാർഥികൾക്ക് വർക്ക്ഷോപ്പുകളിൽ പരിശീലനം നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്. ഡിപ്പോകളുടെയും ടെർമിനലുകളുടെയും ആധുനികീകരണവും ഇതിലൂടെ ലക്ഷ്യമിടുന്നു.

തിരുവനന്തപുരം: പ്രവർത്തന ശൈലിയിലും രൂപത്തിലും വിപ്ലവകരമായ മാറ്റങ്ങളുമായി കെഎസ്ആർടിസിയുടെ പ്രോജക്റ്റ് സൂര്യയ്ക്ക് തുടക്കമായെന്ന് ​ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. കോടികൾ ചെലവഴിച്ച് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസുകൾ കുറഞ്ഞ ചെലവിൽ നവീകരിച്ച് നിരത്തിലിറക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് പ്രോജക്റ്റ് സൂര്യയിൽ നടപ്പാക്കുന്നത്. സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണിത്. ഇതിനൊപ്പം, സംസ്ഥാനത്തെ സാങ്കേതിക വിദ്യാർഥികൾക്കായി വർക്ക്ഷോപ്പുകളിൽ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയും കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ ഐടിഐ, പോളിടെക്നിക്, എൻജിനീയറിങ് വിദ്യാർഥികൾക്ക് വലിയ അവസരങ്ങളാണ് പ്രോജക്റ്റ് സൂര്യയിലൂടെ കെഎസ്ആർടിസി ഒരുക്കുന്നത്. പ്രത്യേക ആഡ് ഓൺ സർട്ടിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ബസ് ബോഡി ബിൽഡിങ്, എൻജിൻ ഓവർഹോളിങ്, ഇലക്ട്രിക്കൽ വയറിങ്, ലൈറ്റിങ് സിസ്റ്റം എന്നിവയിൽ വർക്ക്ഷോപ്പുകളിൽ നേരിട്ട് പങ്കെടുക്കാനും പരിശീലിക്കാനും അവസരമൊരുക്കും. പുസ്തകങ്ങളിൽ മാത്രം പഠിച്ച ഓട്ടോമൊബൈൽ ആശയങ്ങൾ വലിയൊരു ഗതാഗത ശൃംഖലയിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നേരിട്ട് മനസ്സിലാക്കാം. പഠനത്തോടൊപ്പം കെഎസ്ആർടിസി നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റ് വിദ്യാർഥികളുടെ കരിയറിനും വലിയ മുതൽക്കൂട്ടാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ബസുകളുടെ നവീകരണത്തോടൊപ്പം ഡിപ്പോകളും ബസ് ടെർമിനലുകളും ആധുനികീകരിക്കുന്ന നടപടികളും സജീവമായി പുരോഗമിക്കുകയാണ്. സുലഭ് ഇന്റർനാഷണലുമായി ചേർന്ന് ആധുനിക വിശ്രമമുറികളും ശൗചാലയങ്ങളും ഒരുക്കുന്നതിനൊപ്പം ഡിപ്പോകളുടെ രൂപവും കെഎസ്ആർടിസി മെച്ചപ്പെടുത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയെന്നോണം കൊച്ചിയിൽ 13 കോടി രൂപ ചെലവിൽ പുതിയ ബസ് ടെർമിനലിന്റെ നിർമാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലാഭകരമായ സർവീസുകൾ, പരിസ്ഥിതി സൗഹൃദ ബസുകൾ, സാങ്കേതിക വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകുന്ന വിജ്ഞാനകേന്ദ്രങ്ങൾ എന്നിങ്ങനെ തികച്ചും പുതിയൊരു യാത്രാസംസ്കാരം രൂപപ്പെടുത്തുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം -സി.പി ജോൺ വ്യക്തമാക്കി.

ഒരു പുതിയ ബസിന് 30 മുതൽ 40 ലക്ഷം രൂപ വരെ ചെലവ് വരുമ്പോൾ കേവലം ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം രൂപയ്ക്കുള്ളിലാണ് ബിഎസ് മൂന്ന്, ബിഎസ് നാല് വിഭാഗങ്ങളിൽപ്പെടുന്ന ബസുകൾ ഡീലക്സ്, സൂപ്പർഫാസ്റ്റ് നിലവാരത്തിലേക്ക് മാറ്റിയെടുക്കുന്നത്. മികച്ച എൻജിൻ ട്യൂണിങ്ങിലൂടെ ഇത്തരം ബസുകളുടെ പുക മലിനീകരണ തോത് 80 മുതൽ 85 ശതമാനം വരെ കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. സൂപ്പർ ക്ലാസ് ശ്രേണിയിലുള്ള 26 ബസുകളും ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ശ്രേണിയിലുള്ള 52 ബസുകളും ഓർഡിനറി ശ്രേണിയിലുള്ള 22 ബസുകളും ഉൾപ്പെടെയുള്ളവയാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതിക്രമങ്ങൾക്കെതിരെ കരുതലിന്റെ 13 വർഷങ്ങളുമായി കുടുംബശ്രീ സ്നേഹിത, 71,749 കേസുകൾ, 14,210 പേർക്ക് താൽക്കാലിക അഭയം
അതിക്രമങ്ങൾക്കെതിരെ കരുതലിന്റെ 13 വർഷം; 71,749 കേസുകളിൽ കൈത്താങ്ങായി കുടുംബശ്രീ സ്നേഹിത, 14,210 പേർക്ക് താൽക്കാലിക അഭയം