കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് 13 വർഷം പൂർത്തിയാക്കി, അതിക്രമങ്ങൾക്ക് ഇരയായ 71,749 സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങായി. അടിയന്തര സുരക്ഷ, നിയമ-വൈദ്യ-മാനസിക പിന്തുണ, താൽക്കാലിക അഭയം എന്നിവ നൽകുന്ന സ്നേഹിത, പോലീസ് എക്സ്റ്റൻഷൻ സെന്ററുകളിലൂടെയും ടോൾഫ്രീ നമ്പറിലൂടെയും സേവനം വിപുലീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: അതിക്രമങ്ങളുടെ ഇരകളായി ജീവിതം വഴിമുട്ടിയ സ്ത്രീകൾക്കും കുട്ടികൾക്കും പ്രതീക്ഷയുടെ വാതിലായി കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് 13 വർഷം പിന്നിടുന്നു. അടിയന്തര സുരക്ഷയ്ക്കൊപ്പം നിയമ, വൈദ്യ, മാനസിക, സാമൂഹിക പിന്തുണ ഉറപ്പാക്കി ഇതുവരെ 71,749 കേസുകളിൽ സ്നേഹിത കൈത്താങ്ങായി. 14,210 പേർക്ക് താൽക്കാലിക അഭയവും നൽകി. 2013 ആഗസ്റ്റ് 23ന് എറണാകുളത്ത് പ്രവർത്തനം ആരംഭിച്ച സ്നേഹിത ഇന്ന് സംസ്ഥാനത്തെ സ്ത്രീകൾക്കും കുട്ടികൾക്കും പ്രതിസന്ധിഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന സുരക്ഷിത ഇടമായി മാറിയിരിക്കുകയാണ്. പദ്ധതി ആരംഭിച്ച ശേഷം 2026 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 14 ജില്ലകളിലും അട്ടപ്പാടിയിലുമായി പ്രവർത്തിക്കുന്ന 15 സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകൾ വഴി 24 മണിക്കൂറും 365 ദിവസവും സൗജന്യ സേവനം നൽകുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 4,613 നേരിട്ടുള്ള കേസുകളും 3,212 ടെലിഫോൺ കേസുകളും ഉൾപ്പെടെ 7,825 കേസുകളാണ് സ്നേഹിതയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 1,516 എണ്ണം ഗാർഹിക പീഡന കേസുകളാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ഗാർഹിക പീഡന കേസുകൾ (429) റിപ്പോർട്ട് ചെയ്തത്. കാസർഗോഡാണ് ഏറ്റവും കുറവ് (6). 209 പോക്സോ കേസുകളും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 2026-27 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 17,465 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 2,948 ഗാർഹിക പീഡന കേസുകളും 527 പോക്സോ കേസുകളും കുട്ടികൾക്കെതിരായ മറ്റ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട 320 കേസുകളും ഉൾപ്പെടുന്നു. ഈ കാലയളവിൽ 4,126 പേർക്ക് താൽക്കാലിക അഭയവും നൽകി.

സ്നേഹിത വഴിയുള്ള സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2025 മാർച്ചിൽ സംസ്ഥാനത്തെ 84 ഡിവൈ.എസ്.പി, എ.സി.പി ഓഫീസുകളിൽ സ്നേഹിത പോലീസ് എക്സ്റ്റൻഷൻ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു. പോലീസ് സ്റ്റേഷനുകളിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും പോലീസ് റഫർ ചെയ്യുന്ന മുറയ്ക്ക് ഈ കേന്ദ്രങ്ങളിലൂടെ മാനസിക പിന്തുണയും കൗൺസലിങ്ങും ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ചുരുങ്ങിയ കാലയളവിൽ തന്നെ 7,901 പേർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കി. തൃശൂരിലാണ് ഏറ്റവും കൂടുതൽ പേർക്ക് (1,509) സേവനം ലഭിച്ചത്. എറണാകുളത്ത് 1,000 പേർക്കും കൊല്ലത്ത് 942 പേർക്കും പിന്തുണ നൽകി.

അതിക്രമങ്ങളെ അതിജീവിച്ചവർക്ക് അടിയന്തര സുരക്ഷയ്ക്കൊപ്പം കൗൺസലിങ്, നിയമസഹായം, വൈദ്യസഹായം, ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് മടങ്ങാനുള്ള പിന്തുണ എന്നിവയും സ്നേഹിത ഉറപ്പാക്കുന്നു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ച് നിയമവിദഗ്ധരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് നാമമാത്ര തുകയിൽ രാത്രി സുരക്ഷിതമായി താമസിക്കുന്നതിനുള്ള സൗകര്യവും സ്നേഹിത കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനതല ടോൾഫ്രീ നമ്പർ 155055 വഴിയും സ്നേഹിതയുടെ സേവനം ലഭ്യമാണ്. എല്ലാ ദിവസവും 24 മണിക്കൂറും ടെലികൗൺസലിങ് സേവനവും പ്രവർത്തിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേഗത്തിൽ സുരക്ഷയും ആവശ്യമായ പിന്തുണയും ലഭ്യമാക്കുന്നതിനാണ് ഈ സംവിധാനങ്ങൾ. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതവും ഭയരഹിതവുമായ ജീവിതം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. അതിക്രമങ്ങളെ അതിജീവിച്ചവർക്ക് കൈത്താങ്ങാകുന്നതിനും അവരെ ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമായി വിവിധ കർമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിവരികയാണ്.