
ചാരുംമൂട്: തുർക്കി ആസ്ഥാനമായ കപ്പൽ കമ്പനിയുടെ കപ്പലുകളിൽ ഡെക്ക് കേഡറ്റായി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി വിദേശത്തേക്ക് കടന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കാസർകോഡ് പെർള ജീലാനി മൻസിൽ അഹമ്മദ് അസ്ബക് (28) നെയാണ് മംഗലാപുരം എയർപോർട്ടിൽ നിന്ന് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം, പാവുമ്പ സ്വദേശിയായ യുവാവിനെയാണ് പ്രതി കബളിപ്പിച്ച് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
വാഹനപരിശോധനക്കിടെ ബൈക്ക് നിർത്തിയ യുവാക്കൾ ഓടി, പിന്നാലെ ഓടി പിടികൂടി പൊലീസ്; ബൈക്ക് മോഷണം തെളിഞ്ഞു
പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ പ്രതി ദുബായിലേക്ക് കടന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നവംബർ 24 ന് ദുബായിൽ നിന്നും മംഗലാപുരം എയർപോർട്ടിൽ ഇറങ്ങി ബാംഗ്ലൂരിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ വലപ്പാട്, പാലക്കാട് കോങ്ങാട് എറണാകുളം കല്ലൂർക്കാട്, മലപ്പുറത്തെ താനൂർ, പൊന്നാനി, ആലപ്പുഴയിലെ പുളിങ്കുന്ന്, കൊല്ലം ജില്ലയിൽ കുണ്ടറ, കോട്ടയം ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂട്ടുപ്രതികൾക്കായി കൂടുതൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ചേർത്തല നഗരത്തിലെ ചെറുകിട കയർ വ്യവസായിയെ കബളിപ്പിച്ച് 88 ലക്ഷം തട്ടിപ്പു നടത്തിയ സംഘത്തിലെ നാല് പേരെ തമിഴ് നാട്ടിൽ നിന്നും ചേർത്തല പൊലീസ് പിടികൂടി എന്നതാണ്. ചേർത്തല നഗരസഭ 11 -ാം വാർഡ് പുഷ്പാ നിവാസിൽ കൃഷ്ണപ്രസാദി (30) ന്റെ പണമാണ് നഷ്ടമായത്. ഹോട്ടലുകളുടെ റേറ്റിങ് ഉയർത്തികാട്ടി വരുമാനമുണ്ടാക്കാനുള്ള ആപ്പിൽ ഉൾപെടുത്തിയായിരുന്നു തട്ടിപ്പ്. പരാതിയിൽ ചേർത്തല പൊലീസ് കോയമ്പത്തൂരിൽ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിൽ പങ്കാളികളായ കോയമ്പത്തൂർ കളപ്പനായക്കൽ ഖാദർമൊയ്തീൻ (44), സോമയം പാളയം മരതരാജ്(36), വേലാണ്ടിപാളയം ഭുവനേശ്വര നഗർ രാമകൃഷ്ണൻ (50), വേലാട്ടിപാളയം തങ്കവേൽ (37) എന്നിവരാണ് പിടിയിലായത്. തട്ടിപ്പു സംഘത്തിലെ പ്രധാനികൾക്കു വേണ്ടി ബാങ്ക് അക്കൗണ്ടുകൾ എടുത്തു നൽകിയവരാണ് പിടിയിലായ നാലുപേരും. പിടിയിലായ തങ്കവേലു, രാമകൃഷ്ണൻ എന്നിവരുടെ അക്കൗണ്ടിലേക്ക് 28 ലക്ഷവും, ബാക്കി തുക മറ്റ് 10 അക്കൗണ്ടുകളിലേക്കുമാണ് അയച്ചിരിക്കുന്നത്. ഈ അക്കൗണ്ടുകൾ മറ്റു സംസ്ഥാനങ്ങളിലെ ബാങ്കുകളിലേതാണെന്നാണ് പ്രാഥമിക അന്വഷണത്തിൽ കണ്ടെത്തി. പൊലീസ് ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നാലുപേരെ കുടുക്കിയത്.