മരിച്ചുപോകുമെന്ന് പ്രചരിപ്പിച്ചു; സിപിഎമ്മിനും ബിജെപിക്കുമെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോടതിയിലേക്ക്

By Web TeamFirst Published Jan 7, 2021, 11:38 AM IST
Highlights

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാംവാര്‍ഡ് സ്ഥാനാര്‍ഥിയായിരുന്ന ഐഎന്‍ടിയുസി ജില്ല സെക്രട്ടറി പി എന്‍ ശിവനാണ് പരാതിക്കാരന്‍.
 

കല്‍പ്പറ്റ: മൂന്ന് മാസത്തിനകം മരിച്ചുപോകുമെന്ന് പ്രചരിപ്പിച്ചാണ് തന്നെ എതിര്‍സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുത്തിയെന്ന് കാണിച്ച് കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാംവാര്‍ഡ് സ്ഥാനാര്‍ഥിയായിരുന്ന ഐഎന്‍ടിയുസി ജില്ല സെക്രട്ടറി പി എന്‍ ശിവനാണ് പരാതിക്കാരന്‍. സംഭവത്തില്‍ ഇന്ന് പുല്‍പ്പള്ളി പൊലീസില്‍ പരാതി നല്‍കും. ജനുവരി 11ന് സുല്‍ത്താന്‍ ബത്തേരി മുന്‍സിഫ് കോടതിയിലും ഹര്‍ജി ഫയല്‍ചെയ്യുമെന്ന് പിഎന്‍ ശിവന്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

താന്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യം മുന്‍നിര്‍ത്തി ഇത്ര നീചമായ ആരോപണം എതിര്‍പക്ഷം പ്രചരിപ്പിക്കുമെന്ന് കരുതിയില്ല. നല്ലൊരു ശതമാനം ആദിവാസി വോട്ടര്‍മാരുള്ള വാര്‍ഡില്‍ കോളനികളിലെത്തിയാണ് വ്യാജപ്രചാരണം നടത്തിയിരിക്കുന്നതെന്ന് ശിവന്‍ ആരോപിച്ചു. ഫേസ്ബുകില്‍ അടക്കം ഇത്തരത്തിലുള്ള എഴുത്തുകള്‍ വന്നത് തെളിവായി നല്‍കും. 

മാത്രമല്ല വാര്‍ഡിലെ ആശാവര്‍ക്കര്‍ ഔദ്യോഗിക പദവി പോലും മറന്ന് സ്വന്തം ഫോണ്‍ ഉപയോഗിച്ച് തന്നെ വിജയിപ്പിക്കരുതെന്ന തരത്തില്‍ പ്രചാരണം നടത്തി. വോട്ടെടുപ്പ് ദിവസം മടാപ്പറമ്പ് ബൂത്തില്‍ താന്‍ മരിച്ചുപോയെന്ന് പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കി. ഇതൊക്കെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളുടെ ലംഘനമായി പരാതിയില്‍ ഉന്നയിക്കും.

കപട പ്രചാരണങ്ങള്‍ വഴിയുള്ള വിജയം റദ്ദാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ശിവന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ല കലക്ടര്‍ക്കും ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. 15-ാം വാര്‍ഡില്‍ 434 വോട്ടിന് എല്‍ഡിഎഫ് സ്വതന്ത്രന്‍ വിജയിച്ചിരുന്നു. ശിവന്‍ 410 വോട്ട് നേടി രണ്ടാംസ്ഥാനത്ത് എത്തി. ബിജെപിക്ക് 338 വോട്ടുകളാണ് ലഭിച്ചത്.
 

click me!