
തിരുവനന്തപുരം: തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രമായ ശംഖുംമുഖം ബീച്ചിനെ രൂക്ഷമായ കടൽ ക്ഷോഭത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള പദ്ധതി സർക്കാരിന് സമർപ്പിക്കാൻ വിദഗ്ധ സംഘം തീരുമാനമെടുത്തു. ഇന്ന് ശംഖുംമുഖത്തെ കടലാക്രമണത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിച്ച സമിതി ഉന്നതതലയോഗത്തിൽ തീരുമാനിച്ച ജിയോ ട്യൂബ് പദ്ധതി സർക്കാരിന് സമർപ്പിക്കാനാണ് തീരുമാനിച്ചത്.
ആന്റണി രാജു എംഎൽഎ, നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് സാങ്കേതിക ഉപദേശകനും ഡീപ് വാട്ടർ മിഷൻ ഡയറക്ടറുമായ എം.വി. രമണമൂർത്തി കേരള തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഷേക്ക് പരീത്, കൗൺസിലർ സെറാഫിൻ ഫ്രെഡി, മേജർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ ബിന്ദു, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.അൻസർ, പൊതുമരാമത്ത് -ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ശംഖുംമുഖം തീരം സന്ദർശിച്ചത്.
ശംഖുംമുഖം ആറാട്ട് മണ്ഡപം അടിയന്തിരമായി പോളി പ്രോപ്പിലീൻ ജിയോ ബാഗ് ഉപയോഗിച്ച് സംരക്ഷിക്കുന്നതിന് ഇറിഗേഷൻ വകുപ്പ് സമർപ്പിച്ച പദ്ധതിക്ക് ടൂറിസം വകുപ്പ് അംഗീകാരം നൽകി നിർമ്മാണം തുടങ്ങണമെന്ന് ആന്റ്ണി രാജു എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം ആവശ്യപ്പെട്ടു. ജിയോ ട്യൂബ്, പുലിമുട്ട് ,ഡയഫ്രം വാൾ എന്നീ നിർദ്ദേശങ്ങൾ യോഗം വിശദമായി പരിശോധിച്ചു.
ശംഖുമുഖം തീരത്തെ റോഡും വിനോദ സഞ്ചാര സംവിധാനങ്ങളും സംരക്ഷിച്ചും വിനോദ സഞ്ചാരികൾക്ക് തീരസൗന്ദര്യം ആസ്വദിക്കുന്നതിനും മത്സ്യ ബന്ധനത്തിന് കോട്ടം തട്ടാത്ത വിധത്തിലും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് സുഗമമായി നടത്താനുള്ള രീതിയിലും പരിസ്ഥിതിക്ക് അനുയോജ്യമായ പദ്ധതിയാണ് നടപ്പാക്കേണ്ടതെന്ന് യോഗം വിലയിരുത്തി. ശംഖുമുഖത്ത് ഒന്നര കിലോമീറ്റർ നീളത്തിൽ തീരത്തു നിന്നും 200 മീറ്റർ അകലെ തീര കടലിൽ ആറ് മീറ്റർ താഴ്ച്ചയിൽ ജിയോ ട്യൂബുകൾ സ്ഥാപിച്ച് വലിയ തിരമാലകളുടെ ശക്തി തീരക്കടലിൽ വെച്ച് തന്നെ കുറച്ച് തീരം സംരക്ഷിക്കാനുള്ള ഒന്നാം ഘട്ട പദ്ധതി സർക്കാരിന് സമർപ്പിക്കാനാണ് തീരുമാനിച്ചത്.
ഇതിന്റെ പുരോഗതി വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ മാത്രം ശംഖുംമുഖത്ത് സ്ഥാപിക്കുന്ന ജിയോ ട്യൂബിന്റെ വടക്ക് കണ്ണാന്തുറ, വെട്ടുകാട് കൊച്ചുവേളി പ്രദേശങ്ങളിൽ കടൽ ക്ഷോഭം ഉണ്ടാകാത്ത വിധത്തിൽ ചെറിയ പുലിമുട്ടുകൾ സ്ഥാപിക്കുന്ന പദ്ധതി രണ്ടാം ഘട്ടമായി നടപ്പാക്കാനുള്ള നിർദ്ദേശവും മുഖ്യമന്ത്രിക്കും പൊതുമരാമത്ത് - വിനോദ സഞ്ചാരം, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രിമാർക്കും സമർപ്പിക്കാനും സംഘം തീരുമാനിച്ചു.