ഓണാവധിക്ക് മുമ്പ് മൂന്നാറില്‍ ട്രാഫിക്ക് പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം

By Web TeamFirst Published Jul 8, 2019, 1:01 PM IST
Highlights

ഓണാവധിക്ക് മുമ്പ് സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരമേഖലയായ മൂന്നാറില്‍ ട്രാഫിക്ക് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം.  ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ എന്നിവരുടെ നേത്യത്വത്തില്‍ മൂന്നാറില്‍ നടന്ന മൂന്നാര്‍ വികസന കമ്മറ്റിയിലാണ് നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയത്. 


ഇടുക്കി: ഓണാവധിക്ക് മുമ്പ് സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരമേഖലയായ മൂന്നാറില്‍ ട്രാഫിക്ക് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം.  ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ എന്നിവരുടെ നേത്യത്വത്തില്‍ മൂന്നാറില്‍ നടന്ന മൂന്നാര്‍ വികസന കമ്മറ്റിയിലാണ് നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയത്. മൂന്നാറിലെ റോഡുകള്‍ ഓഗസ്റ്റ് 15 മുമ്പ് പൂര്‍ണ്ണമായും കുഴികളടച്ച് നന്നാക്കാന്‍ ദേശീയപാത അധികൃതരെയും പൊതുമരാമത്ത് വകുപ്പിനെയും ചുമതലപ്പെടുത്തി. മാട്ടുപ്പെട്ടി റോഡിലെ കെഎഫ്ഡിസിയുടെ ഫ്ളവര്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കുവാന്‍ എത്തുന്നവര്‍ ഇനി മുതല്‍ സമീപത്തെ കണ്ണന്‍ ദേവന്‍ കമ്പനിയുടെ പാര്‍ക്കിംങ്ങ് ഗ്രൗണ്ടില്‍ നിന്നുള്ള പാസുമായി വേണം എത്താന്‍. റോഡിന് സമീപത്തെ വാഹന പാര്‍ക്കിംങ്ങ് ഒഴിവാക്കുന്നതിനാണ് പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്. 

മൂന്നാറിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് അടിയന്തരമായി കൂടുതല്‍ പാര്‍ക്കിംങ്ങ് സംവിധാനങ്ങള്‍ ആവശ്യമാണ്. ജില്ലാ ടൂറിസം വകുപ്പം കെഎഫ്ഡിസിയും സംയുക്തമായി ഇതിനായി ഭൂമികള്‍ കണ്ടെത്തണം. നിലവില്‍ മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിന് സമീപത്തും, സൈലന്‍റ്‍വാലി റോഡിലും രണ്ട് ഏക്കര്‍ ഭൂമി ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഭൂമികളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദശിച്ചു. രാജമല അഞ്ചാംമൈലിന് സമീപത്തെ വാഹന പാര്‍ക്കിംങ്ങിന് കണ്ണന്‍ ദേവന്‍ കമ്പനിയുടെ സഹകരണത്തോടെ ഭൂമികള്‍ കണ്ടെത്തി പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തണം. ഇതിനായി ഡിഎഫ്ഒ നരേന്ദ്രബാബു, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി, ദേവികുളം സബ് കളക്ടര്‍ രേണുരാജ് എന്നിവരെ ചുമതലപ്പെടുത്തി. തിരക്ക് വര്‍ദ്ധിക്കുന്ന സമയങ്ങളില്‍ മൂന്നാര്‍ പോസ്റ്റോഫീസില്‍ രാജമലയ്ക്കായി താല്‍ക്കാലിക കൗണ്ടര്‍ ആരംഭിക്കും. 

ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. ജനവാസമേഖലകളില്‍ കാട്ടാനകള്‍ കൂട്ടമായി എത്തുന്നത് തടയുന്നതിന് വനങ്ങളില്‍ വെള്ളം കെട്ടിനിര്‍ത്തും. മറയൂരില്‍ കാട്ടാനകള്‍ എത്തുന്നതിന് തടയുന്നതിന് പാമ്പാറിന് സമീപത്ത് വെള്ളം കെട്ടി നിര്‍ത്തും. അടുത്ത ഏപ്രില്‍ മെയ് മാസങ്ങളില്‍ കൂട്ടമായി കാട്ടാനകള്‍ ജനവാസമേഖലയില്‍ എത്തുന്നത് തടയുന്നതിന് ഡിസംബറിനുള്ളില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനും മൂന്നാറില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. കൃഷി നശിച്ചാല്‍ നിലവില്‍ ഭൂ ഉടമയ്ക്കാണ് വനംവകുപ്പ് പണം നല്‍കുന്നതിന്. ഇത് പലപ്പോഴും കൃഷി പാട്ടവ്യവസ്ഥയ്ക്ക് എടുത്തവര്‍ക്ക് ലഭിക്കാറില്ല. ഇത്തരം പ്രശ്ങ്ങള്‍ പരിഹരിക്കുന്നതിന് വനപാലകരെ ചുമതലപ്പെടുത്തി. മൂന്നാറില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.

click me!