
കൊല്ലം: വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ഓറക്കിൾ -ഉം സംയുക്തമായി, കൊല്ലം ജില്ലയുടെ തീരദേശ മേഖല കേന്ദ്രീകരിച്ച് തിമിംഗല സ്രാവ് സംരക്ഷണത്തിനായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ശക്തികുളങ്ങര, നീണ്ടകര, അഷ്ടമുടി, സെന്‍റ് മേരീസ് ദ്വീപ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ബോധവത്കരണ പരിപാടികൾ നടത്തിയത്. വളരെ വ്യത്യസ്ഥമായ രീതിയിലായിരുന്നു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇത് ജനങ്ങൾക്ക് അറിവും കൗതുകവും ഉണർത്തി.
പൂർണ്ണ വളർച്ചയെത്തിയ തിമിംഗല സ്രാവിന്‍റെ വലുപ്പത്തിലുള്ള (40 അടി നീളം) ഒരു രൂപം നിര്‍മ്മിച്ച് അത് മത്സ്യബന്ധന ബോട്ടിൽ വിവിധ സ്ഥലങ്ങളിൽ എത്തിച്ചായിരുന്നു ബോധവത്ക്കരണ പരിപാടികൾ നടത്തിയത്. തിമിംഗല സ്രാവിന്‍റെ പാരിസ്ഥിതിക മൂല്യവും, കടലിലെ മത്സ്യസമ്പത്തിന് ഇവ എങ്ങിനെ പിന്തുണയ്ക്കുന്നു എന്നുള്ളതും ബോധവതകരണത്തിന്‍റെ പ്രധാന വിഷയമായിരുന്നു.
തിമിംഗല സ്രാവുകളുടെ സാനിധ്യം കടലിലുള്ള അനേകം മത്സ്യങ്ങൾക്ക് ഒരാശ്വാസമാണെന്ന് വേണം പറയുവാൻ. വെള്ളം അരിച്ച് ഭക്ഷിക്കുന്ന ഇവ മറ്റു കടൽ ജീവികൾക്ക് ആപത്കാരികളായിട്ടുള്ള കടല് പായലുകൾ, നോട്ടിലുകൾ, സയനോ ബാക്ടീരിയകൾ, ഡയറ്റം എന്നിവയെ അകത്താക്കുന്നു. ഇത്തരത്തിൽ ബാക്ടീരിയകളുടേയും മറ്റും തോത് നിയന്ത്രണ വിധേയമായി നിലനിർത്തുന്നതിലൂടെ, കടലിലെ ആവാസവ്യവസ്ഥയുടെ ആരോഗ്യകരമായ നിലനില്‍പ്പിന് തിമിംഗല സ്രാവുകൾ വലിയ സംഭാവനയാണ് നല്‍കുന്നത്. തിമിംഗല സ്രാവുകളുടെ സാന്നിധ്യം കടലിലെ മത്സ്യ സമ്പത്തിന്‍റെ വര്‍ദ്ധനവിനെ സഹായിക്കുന്നു. ഇത് മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന തൊഴിലാളികളുടെ ജീവിതത്തെയും പരോക്ഷമായി സ്വാധീനിക്കുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്‍റെ മറ്റ് തീരദേശ പ്രദേശങ്ങളിലും സമാന രീതിയിലുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ അറിയിച്ചു.