
മൂന്നാര്‍: നിര്‍മ്മാണ പിഴവുമൂലം നിലം പൊത്തിയ സംരക്ഷണ ഭിത്തിക്കായി വീണ്ടും ലക്ഷങ്ങള്‍ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. 15 ലക്ഷം രൂപ മുടക്കി ഇക്കാനഗറില്‍ നിര്‍മ്മിച്ച സംരക്ഷണ ഭിത്തി നിര്‍മ്മാണ പിഴവുമൂലം രണ്ടു മാസം കൊണ്ടാണ് നിലംപൊത്തിയത്. ഇതിനാണ് സര്‍ക്കാര്‍ വീണ്ടും 25 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിലേക്ക് പോകുന്ന ഭാഗത്തുള്ള സംരക്ഷണ ഭിത്തിയാണ് 2018ലെ മഹാപ്രളയത്തില്‍ തകര്‍ന്നത്.
തുടര്‍ന്ന് പൊതുമാരമത്ത് വകുപ്പ് 15 ലക്ഷം രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കി. വീണ്ടും മഴക്കാലം എത്തിയതോടെ നിര്‍മ്മാണത്തിലെ അപാകതമൂലം ഭിത്തി ഇടിയുകയായിരുന്നു. നിര്‍മ്മാണത്തിലെ അപകാത സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ വകുപ്പിന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് വീണ്ടും 25 ലക്ഷം രൂപ മുടക്കി നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. നിരവധി സര്‍ക്കാര്‍ ഓഫീസുകളും സാധരണക്കാരും താമസിക്കുന്ന മേഖലയിലെ റോഡിന്റെ ഒരു ഭാഗം കുത്തിത്തുരന്നാണ് കരാറുകാരന്‍ നിര്‍മ്മാണം നടത്തുന്നത്.
ഇത് മൂലം സമീപവാസികള്‍ക്ക് മേഖലയിലേക്ക് എത്തിപ്പെടാന്‍ തടസ്സം നേരിടുകയാണെന്ന് പ്രദേശവാസിയായ നെല്‍സന്‍ പറഞ്ഞു. മറ്റൊരു ഭാഗത്തും പാലത്തിന്റെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാകാന്‍ താമസം നേരിടുന്നത് മൂലം വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്താന്‍ സാധരണക്കാര്‍ക്ക് കഴിയുന്നില്ല. വാഹന ഗതാഗതം തടസപ്പെടുത്തി റോഡ് തുരന്നുള്ള നിര്‍മ്മാണത്തിന്റെ ആവശ്യം ഇല്ലെന്നിരിക്കെ കരാറുകാരന്റെ പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് നാട്ടുകാര്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam