
പാലക്കാട്: മലമ്പുഴ ഉദ്യാനത്തിലെ താത്കാലിക ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ടതിൽ പ്രതിഷേധം. മലമ്പുഴ ഉദ്യാന കവാടത്തിന് മുന്നിലാണ് സ്ത്രീ തൊഴിലാളികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മലമ്പുഴ ഡാമിലും ഉദ്യോനത്തിലും സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരികളെ കടത്തി വിട്ടില്ല. സമരം തുടര്‍ന്ന സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ടു ദിവസം മുമ്പാണ് പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ പിരിച്ചുവിട്ടുകൊണ്ട് നോട്ടീസ് പതിച്ചതെന്ന് സ്ത്രീ തൊഴിലാളികള്‍ പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് 60 കഴിഞ്ഞ താത്കാലിക ശുചീകരണ തൊഴിലാളികളെ പിരിച്ചു വിട്ടതായി മലമ്പുഴ ഇറിഗേഷൻ അധികൃതർ നോട്ടീസ് പതിച്ചത്. യാതൊരു ആനുകൂല്യങ്ങളും ഇല്ലാതെയാണ് പിരിച്ചുവിടൽ. 60 വയസ് കഴിഞ്ഞ 96 സ്ത്രീ തൊഴിലാളികളെയാണ് ഇത്തരത്തില്‍ യാതൊരു അറിയിപ്പുമില്ലാതെ പിരിച്ചുവിട്ടുകൊണ്ട് നോട്ടീസിറക്കിയത്. 60 വയസ് കഴിഞ്ഞവരെ മുഴുവനായും അറിയിപ്പില്ലാതെ പിരിച്ചുവിടുകയാണെന്നും ഇത്രയും കാലം ഇവിടെ പണിയെടുത്തിട്ട് ഇപ്പോള്‍ പിരിച്ചുവിട്ടാല്‍ എങ്ങനെ ജീവിക്കുമെന്നറിയില്ലെന്നും സ്ത്രീ തൊഴിലാളികള്‍ പറഞ്ഞു.
രണ്ടു മാസത്തില്‍ 13 പ്രവൃത്തി ദിനങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. ദിനം പ്രതി കിട്ടുന്ന 630 രൂപയായിരുന്നു ഏക ആശ്രയം. അതുകൊണ്ട് വീട് കഴിയുന്നത്. പണിയെടുത്ത് വീട്ടിലേക്ക് പോയശേഷമാണ് ഇക്കാര്യം അറിയുന്നത്. ജോലി തുടരാൻ അനുവദിക്കണമെന്നും ഞങ്ങള്‍ക്ക് ജീവിക്കണമെന്നും സ്ത്രീകള്‍ പറഞ്ഞു. പ്രായപരിധി കഴിഞ്ഞെങ്കില്‍ മാന്യമായ നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കാൻ തയ്യാറാകണമെന്നാണ് ആവശ്യം.60 വയസാണ് പ്രായപരിധിയെങ്കില്‍ ഇപ്പോള്‍ 65 വയസ് ആയവര്‍ വരെ ജോലി ചെയ്യുന്നുണ്ടെന്നും ഇത്രയധികം വര്‍ഷം കഴിഞ്ഞ് പെട്ടെന്നാണ് ഇത്തരമൊരു തീരുമാനമെന്ന ആരോപണവും ഉയരുന്നുണ്ട്. അടുത്ത ദിവസവും സമരം തുടരാനാണ് തീരുമാനം.ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉപജീവന മാർഗം നഷ്ടമായതിൻ്റെ അങ്കലാപ്പിലാണ് ഇവർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam