
വയനാട്: വയനാട്ടില്‍ സ്വാഭാവികവനം വെട്ടിമാറ്റി തേക്ക് പ്ലാന്‍റേഷന്‍ തുടങ്ങാനുള്ള വനംവകുപ്പിന്‍റെ നീക്കങ്ങള്‍ക്കെതിരെ മാനന്തവാടി നഗരസഭയും തിരുനെല്ലി ഗ്രാമപഞ്ചായത്തും ചേർന്ന് മനുഷ്യചങ്ങല സംഘടിപ്പിച്ചു. വനംവകുപ്പ് തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നല്‍കി. മാനന്തവാടിയില്‍ നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍റെ ഭാഗമായുള്ള 39 ഹെക്ടറോളം വനഭൂമിയിലാണ് തേക്ക് പ്ലാന്‍റേഷന്‍ ആരംഭിക്കാനുളള നീക്കം വനംവകുപ്പ് ആരംഭിച്ചത്. ഇതിനെതിരെ നഗരസഭാ അധികൃതരും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
വനംവകുപ്പിന്‍റെ തീരുമാനത്തിനെതിരെ സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ വിദ്യാർത്ഥികളും സ്ത്രീകളുമടക്കം നിരവധിപേർ പങ്കെടുത്തു. പ്രദേശത്തെ സ്വാഭാവികവനം നശിപ്പിക്കുന്നതിനെതിരെ മാനന്തവാടി നഗരസഭ നേരത്തെ പ്രമേയവും പാസാക്കിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വിഷയം പഠിക്കാന്‍ കേരള ഫോറസ്റ്റ് റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. 1958 ല്‍ വാണിജ്യാവശ്യത്തിനായി വനംവകുപ്പ് ഇവിടെ വന്‍തോതില്‍ തേക്ക് മരങ്ങള്‍ നട്ടിരുന്നെങ്കിലും പിന്നീട് സ്വാഭാവികവനമായി മാറിയ പ്രദേശമാണിത്. തേക്ക് പ്ലാന്‍റേഷന്‍ പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍നിന്നും പിന്മാറിയില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam