Protest against K Rail Survey : കെ റെയിൽ സർവ്വേക്കെതിരെ ആലുവയിലും ചെങ്ങന്നൂരിലും പ്രതിഷേധം, ആത്മഹത്യ ഭീഷണി

Published : Mar 03, 2022, 01:34 PM ISTUpdated : Mar 03, 2022, 01:35 PM IST
Protest against K Rail Survey : കെ റെയിൽ സർവ്വേക്കെതിരെ  ആലുവയിലും ചെങ്ങന്നൂരിലും പ്രതിഷേധം, ആത്മഹത്യ ഭീഷണി

Synopsis

ജനവാസ മേഖലയെ പദ്ധതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ ഇവിടെ സമരം ശക്തമാണ്. 

ആലുവ/ചെങ്ങന്നൂർ: സിൽവർ ലൈൻ പദ്ധതിയുടെ സർവ്വേ കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം (Protest Against K Rail Survey). ആലുവ ചൊവ്വരയിലും ചെങ്ങന്നൂർ മുളക്കുഴിയിലും നാട്ടുകാർ കല്ലിടുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തി. എന്നാൽ രണ്ടിടത്തും കനത്ത പൊലീസ് സുരക്ഷയിൽ സർവ്വേ നടപടികൾ പൂർത്തിയാക്കി കല്ലിട്ടു. പ്രതിഷേധത്തിനിടെ ചെങ്ങന്നൂരിൽ നാട്ടുകാരിൽ ചിലർ ആത്മഹത്യ ഭീഷണിയുമായി രംഗത്ത് എത്തി. 

ചെങ്ങന്നൂർ മുളക്കുഴിയിൽ കടുത്ത പ്രതിഷേധമാണ് നാട്ടുകാർ നടത്തിയത്. നിരവധി വീടുകൾ നിർദിഷ്ട സിൽവർ ലൈൻ പാതയിൽ ഇവിടെ ഉൾപ്പെട്ടിട്ടുണ്ട്. രാവിലെ റവന്യൂ ഉദ്യോഗസ്ഥർ എത്തിയപ്പോൾ തന്നെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. പാടത്തും വയലിലും സർവേ പൂർത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥർ ജനവാസ മേഖലയിലേക്ക് എത്തിയതോടെ ആളുകൾ സർവേ തടയാൻ ആരംഭിക്കുകയും കാര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. പ്രതിഷേധം കടുപ്പിച്ചതോടെ പത്തനംതിട്ടയിൽ നിന്നും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ചാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. ചെങ്ങന്നൂർ മേഖലയിൽ മാത്രം അഞ്ഞൂറോളം വീടുകളാണ് സിൽവർ ലൈൻ പദ്ധതിക്കായി ഒഴിപ്പിക്കേണ്ടി വരിക. ജനവാസ മേഖലയെ പദ്ധതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ ഇവിടെ സമരം ശക്തമാണ്. 

ആലുവ ചൊവ്വരയിലും കടുത്ത പ്രതിഷേധമാണ് കെ റെയിൽ സർവ്വേയ്ക്ക് നേരെ നാട്ടുകാരിൽ നിന്നുണ്ടായത്. പാടശേഖരത്തെ കല്ലിടൽ പൂർത്തിയായി റവന്യൂ ഉദ്യോഗസ്ഥർ ജനവാസമേഖലയിലേക്ക് കല്ലിടാൻ എത്തിയതോടെ ആണ് ഇവിടെയും പ്രതിഷേധം അണപൊട്ടിയത്. ഒരു നോട്ടീസ് പോലും നൽകാതെയാണ് ഉദ്യോഗസ്ഥർ കല്ലിടാൻ എത്തിയതെന്ന് ഒഴിപ്പിക്കപ്പെടുന്ന വീട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി പ്രളയബാധ നേരിടുന്ന പ്രദേശമാണിതെന്നും തുടർച്ചയായ പ്രളയങ്ങൾ മൂലം തകർന്ന തങ്ങളോട് വീടൊഴിയാൻ പറഞ്ഞാൽ എന്ത് ചെയ്യുമെന്നുമാണ് നാട്ടുകാരുടെ ചോദ്യം. പെരിയാർ തീരത്തോട് ചേർന്ന് താമസിക്കുന്നവർ നിരവധി വികസന പദ്ധതികൾക്കായി വീട് വിട്ടു നൽകിയവരാണെന്നും ഇനിയും ഈ അനീതി നേരിടാനാവില്ലെന്നുമാണ് നാട്ടുകാരിൽ ചിലർ പ്രതികരിച്ചത്. സംഭവസ്ഥലത്തേക്ക് കെ റെയിൽ വിരുദ്ധ സമരസമിതിയും കോൺ​ഗ്രസ് പ്രവ‍ർത്തകരും പ്രതിഷേധവുമായി എത്തി. 


 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി