'തെരുവ് നായ ശല്യം പരിഹരിക്കണം', മലപ്പുറത്ത് പ്രതിഷേധം

By Web TeamFirst Published Nov 23, 2022, 11:55 AM IST
Highlights

തെരുവുനായ കടിച്ചു കീറിയ കുട്ടിയുടെ പിതാവും ബന്ധുക്കളുമടക്കമാണ് പ്രതിഷേധത്തിൽ പങ്കെടുത്തിരിക്കുന്നത്.

മലപ്പുറം : തെരുവ് നായ ശല്യം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് പ്രതിഷേധം. തെരുവുനായ കടിച്ചു കീറിയ കുട്ടിയുടെ പിതാവും ബന്ധുക്കളുമടക്കമാണ് പ്രതിഷേധത്തിൽ പങ്കെടുത്തിരിക്കുന്നത്. വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ ആഭിമുഖ്യത്തിൽ ആണ് പ്രതിഷേധം. 

ദിവസങ്ങൾക്ക് മുമ്പാണ് താനാളൂരിൽ നാല് വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറിയത്. വട്ടത്താണി കുന്നത്തുപറമ്പിൽ റഷീദിൻ്റെ മകൻ  മുഹമ്മദ് റിസ്വാനെ തെരുവ് നായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. നായ്ക്കളുടെ ആക്രമണത്തിൽ ശരീരമാകെ മുറിവേറ്റ്  ബോധരഹിതനായ അവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തലയുടെ ഒരു ഭാഗവും മുതുകും നായ്ക്കൾ കടിച്ചുകീറിയ നിലയിലാണ്. ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയയാിരുന്നു.

ഉച്ചയോടെ വീടിന് പുറത്തേക്ക് ഒറ്റയ്ക്ക് ഇറങ്ങിയ കുട്ടിയെ ആറ് നായകൾ ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കുട്ടിയെ കാണാതാത്തിനെ തുടർന്ന് വീട്ടുകാർ മുറ്റത്ത് ഇറങ്ങി പരിശോധിച്ചപ്പോൾ ആണ് കുട്ടി ബോധരഹിതനായി കിടക്കുന്നത് കണ്ടത്. തലയുടെ പിൻഭാഗത്തും മുതുകിലും കടിച്ചു പറിച്ചെടുത്ത നിലയിലായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവും പിതൃസഹോദരനും ചേർന്ന് നായകളെ തുരത്തിയോടിച്ച ശേഷം കുട്ടിയെ തിരൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതിമാരകമായി പരിക്കേറ്റ കുട്ടിക്ക് കരയാനോ നിലവിളിക്കാനോ പറ്റുന്നുണ്ടായിരുന്നില്ല. 

Read More : താനൂരിൽ തെരുവുനായ ആക്രമണം നേരിട്ട കുട്ടിയുടെ ശരീരത്തില്‍ നാല്‍പ്പതോളം മുറിവുകള്‍

click me!