പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ചർച്ചയ്ക്ക് എടുത്തില്ല; പാലക്കാട് നഗരസഭയിൽ പ്രതിപക്ഷ ബഹളം

By Web TeamFirst Published Dec 28, 2019, 9:42 PM IST
Highlights

പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ ഈ മാസം 18നാണ് സിപിഎം അംഗങ്ങൾ പാലക്കാട് നഗരസഭയിൽ പ്രമേയം കൊണ്ടുവന്നത്. യുഡിഎഫ് പിന്തുണച്ചു. എന്നാൽ പ്രമേയം അവതരിപ്പിക്കാനാവില്ലെന്ന് നഗരസഭാധ്യക്ഷയും ബിജെപി കൗൺസിലർമാരും നിലപാടെടുത്തതോടെ, കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു.

പാലക്കാട്: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ചർച്ചയ്ക്ക് എടുക്കാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് നഗരസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. അധികാര പരിധിക്ക് പുറത്തുള്ള വിഷയം ആയതിനാൽ ചർച്ച ചെയ്യാൻ ആവില്ലെന്നാണ് നഗരസഭയുടെ നിലപാട്. പ്രമേയം ചർച്ച ചെയ്യുന്നതുവരെ നഗരസഭാ കൗൺസിലിൽ സഹകരിക്കില്ലെന്ന് ആണ് സിപിഎമ്മിന്‍റെയും യുഡിഎഫിന്റേയും നിലപാട്.

പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ ഈ മാസം 18നാണ് സിപിഎം അംഗങ്ങൾ പാലക്കാട് നഗരസഭയിൽ പ്രമേയം കൊണ്ടുവന്നത്. യുഡിഎഫ് പിന്തുണച്ചു. എന്നാൽ പ്രമേയം അവതരിപ്പിക്കാനാവില്ലെന്ന് നഗരസഭാധ്യക്ഷയും ബിജെപി കൗൺസിലർമാരും നിലപാടെടുത്തതോടെ, കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. നഗരസഭാധ്യക്ഷ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ബില്ല് അവതരിപ്പിക്കാൻ അനുവദിക്കും വരെ നിസ്സഹകരണം തുടരുമെന്നും പ്രതിപക്ഷം നിലപാടെടുത്തു. നഗരവികസനം ചർച്ച ചെയ്യാൻ ചേർന്ന കൗൺസിൽ യോഗത്തിൽ അജണ്ട അവതരിപ്പിച്ച ഉടൻ പ്രതിഷേധം തുടങ്ങി. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സിപിഎം യുഡിഎഫ് നിലപാട്. 

വികസനം അട്ടിമറിക്കാനാണ് പ്രതിപക്ഷ നീക്കമെന്നാരോപിച്ച് ബിജെപി കൗൺസിലർമാരും മുദ്രാവാക്യം വിളികളുമായിറങ്ങി കഴിഞ്ഞ ദിവസം നടന്ന നഗരസഭവികസന സെമിനാറും പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. കേരള മുനിസിപ്പാലിറ്റി ചട്ടപ്രകാരമാണ് തന്റെ നടപടിയെന്നും അധികാര പരിധിയിലില്ലാത്ത പ്രമേയത്തിന് അവതരണാനുമതി നൽകാനാവില്ലെന്നും നഗരസഭാധ്യക്ഷ വ്യക്തമാക്കി. 

click me!