ക്രമക്കേട്: ഡ്രൈവിങ് സ്കൂളുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

By Web TeamFirst Published Dec 28, 2019, 8:54 PM IST
Highlights

മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ (എംഎംവി/ ഐടിഐ) സർട്ടിഫിക്കേറ്റ് യോഗ്യതയുളളവരാവണം ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ എന്ന നിയമം പാലിക്കാതെയാണ് പലയിടത്തും ഡ്രൈവിങ് പഠിപ്പിക്കുന്നത്.

ആലപ്പുഴ: കേന്ദ്ര മോട്ടോർ വാഹന നിയമം പാലിക്കാതെ പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴയിലെ ഡ്രൈവിംഗ് സ്കൂളുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ചേർത്തലയിലും പരിസരപ്രദേശങ്ങളിലുമുള്ള ഡ്രൈവിംഗ് സ്കൂളുകളിലാണ് ആലപ്പുഴ വിജിലൻസ് യൂണിറ്റ് മിന്നൽ പരിശോധന നടത്തിയത്. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായി ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ (എംഎംവി/ ഐടിഐ) സർട്ടിഫിക്കേറ്റ് യോഗ്യതയുളളവരാവണം ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ എന്ന നിയമം പാലിക്കാതെയാണ് പലയിടത്തും ഡ്രൈവിങ് പഠിപ്പിക്കുന്നത്. ഇൻസ്ട്രക്ടർമാരുടെ ലൈസൻസ് ഉപയോഗിച്ച് നിശ്ചിത യോഗ്യത ഇല്ലാത്തവരെ കൊണ്ട് ഡ്രൈവിംഗ് പഠിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യോഗ്യതയുള്ള ഇൻസ്ട്രക്ടർമാർ അവരുടെ ലൈസൻസ് ഡ്രൈവിംഗ് സ്കൂളുകൾക്ക് നൽകി മാസപ്പടി പറ്റുകയും മറ്റുജോലികൾക്ക് പോവുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് ഡ്രൈവിംഗ് സ്കൂൾ നടത്തുന്നതിന് അനുവദിച്ച ലൈസൻസിൽ ഉൾപ്പെടാത്ത വാഹനങ്ങളുപയോഗിച്ചാണ് പലയിടത്തും ഡ്രൈവിംഗ് പഠിപ്പിക്കുന്നത്. ഇത്തരം വാഹനങ്ങളിൽ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടയിൽ അപകടം സംഭവിച്ചാൽ പഠിതാക്കൾക്കോ മറ്റുള്ളവർക്കോ ഇൻഷ്വറൻസ് പരിരക്ഷ കിട്ടുവാൻ ബുദ്ധിമുട്ടാണെന്നിരിക്കെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഡ്രൈവിംഗ് സ്കൂൾ ഓണർമാരും ചേർന്നാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ നടത്തിവരുന്നതെന്നും വിജിലൻസ് സംഘം പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

വിജിലൻസ് കിഴക്കൻമേഖല പൊലീസ് സൂപ്രണ്ട് വിനോദ് കുമാറിന്റെ നിർദ്ദേശ പ്രകാരം ആലപ്പുഴ വിജിലൻസ് യൂണിറ്റിലെ ഇൻസ്പെക്ടർ കെവി ബെന്നി, ആലപ്പുഴ റീജണൽ ട്രാൻസ്പോർട്ട് ഓഫിസിലെ എംവിഐ പത്മകുമാർ എസ്ഐ പീറ്റർ അലക്സാണ്ടർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ജോസഫ്, കൃഷ്ണകുമാർ, സുധീപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. 

click me!