വനപാതകളിലെ വേഗ നിയന്ത്രണത്തിന് ഹമ്പുകള്‍; വയനാട്ടില്‍ പ്രതിഷേധം പുകയുന്നു

Web Desk   | Asianet News
Published : Jun 21, 2020, 05:27 PM IST
വനപാതകളിലെ വേഗ നിയന്ത്രണത്തിന് ഹമ്പുകള്‍; വയനാട്ടില്‍ പ്രതിഷേധം പുകയുന്നു

Synopsis

വാഹനങ്ങള്‍ ഇടിച്ച് വന്യമൃഗങ്ങള്‍ ചത്തുപോകുന്നതും പരിക്കേല്‍ക്കുന്നതുമായി സംഭവങ്ങള്‍ വര്‍ധിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളില്‍ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനായി ഹമ്പുകള്‍/സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കാനുള്ള ജില്ല ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം പുകയുന്നു. അതിര്‍ത്തി അടച്ചിടാനുള്ള കര്‍ണാടകയുടെ നിലപാടിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ മാതൃക വരുംനാളുകളില്‍ ജില്ലഭരണകൂടത്തിനെതിരെ ഉണ്ടായേക്കും. പ്രധാനമായും വ്യാപാരി സംഘടനകളാണ് തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. 

സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി, എന്‍.എച്ച് 766 ആയ ബത്തേരി-ഗുണ്ടല്‍പേട്ട്, മാനന്തവാടി-കാട്ടികുളം-ബാവലി-കുട്ട എന്നീ റോഡുകളിലാണ് ഹമ്പുകളോ സ്പീഡ് ബ്രേക്കറുകളോ സ്ഥാപിക്കാന്‍ ദേശീയപാത അതോറിറ്റിയോട് ജനുവരി ഒമ്പതിന് ജില്ല കലക്ടര്‍ അദീല അബ്ദുള്ള ഉത്തരവിട്ടിട്ടുള്ളത്. ദേശീയപാത 766ല്‍ മുത്തങ്ങ വരെയുള്ള ഭാഗത്തായിരിക്കും വേഗത നിയന്ത്ര സംവിധാനങ്ങള്‍ ഒരുക്കുക. മൂന്ന് മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കാനാണ് നീക്കമെങ്കിലും ആദ്യഘട്ടത്തില്‍ തന്നെ കടുത്ത എതിര്‍പ്പുയരുകയാണ്. 

അതേസമയം മുത്തങ്ങ, കുറിച്ച്യാട്, തോല്‍പ്പെട്ടി റെയ്ഞ്ച് ഓഫീസര്‍മാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ വേണ്ടത്ര അഭിപ്രായങ്ങള്‍ തേടാതെ ഉത്തരവാക്കിയതാണെന്ന വാദവും ഉയരുന്നുണ്ട്. മൃഗങ്ങള്‍ സ്ഥിരമായി റോഡ് മുറിച്ച് കടക്കുന്ന ഭാഗങ്ങളിലും വാഹനങ്ങള്‍ക്ക് വേഗം കൂടാന്‍ സാധ്യതയുള്ള വളവുകള്‍ ഇല്ലാത്തയിടങ്ങളിലും ഹമ്പോ ബ്രേക്കറോ സ്ഥാപിക്കും. ബത്തേരി-പുല്‍പ്പള്ളി റോഡില്‍ നാലാംമൈല്‍ മുതല്‍ പുകലമാളം വരെ നാലും ബത്തേരി ഗുണ്ടല്‍പേട്ട് വഴിയായ ദേശീയപാത 766ല്‍ മുത്തങ്ങ മുതല്‍ സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ള വരെ ആറും കാട്ടികുളം-കുട്ട റോഡില്‍ ഇരുമ്പ് പാലം മുതല്‍ കുട്ട അതിര്‍ത്തി വരെ നാലും സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. 

വാഹനങ്ങള്‍ ഇടിച്ച് വന്യമൃഗങ്ങള്‍ ചത്തുപോകുന്നതും പരിക്കേല്‍ക്കുന്നതുമായി സംഭവങ്ങള്‍ വര്‍ധിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. മുത്തങ്ങയില്‍ ചരക്ക്‌ ലോറിയിടിച്ച് കാട്ടാന ചരിഞ്ഞതും പുല്‍പ്പള്ളിക്കടുത്ത ചെതലയത്ത് ലോറിയിടിച്ച് പുള്ളിപുലി ചത്തതുമാണ് വനംവകുപ്പ് ആയുധമാക്കുന്നത്. 

ഇതിന് പുറമെ നിരവധി വന്യമൃഗങ്ങള്‍ക്ക് വാഹനമിടിച്ച് പരിക്കേല്‍ക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടത്രേ. വയനാട് വന്യജീവി സങ്കേതത്തോട് അതിര്‍ത്തി പങ്കിടുന്ന ബന്ദിപ്പൂര്‍ വനമേഖലയിലെ റോഡില്‍ നേരത്തെ തന്നെ ഹമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നൂറുമീറ്റര്‍ ഇടവിട്ടാണ് നിരവധി ഹമ്പുകളാണ് റോഡിലുള്ളത്. മൃഗങ്ങളെ കാണാനായി വനത്തിനുള്ളില്‍ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും ഇവയ്ക്ക് തീറ്റ കൊടുക്കുന്നതും ഒക്കെ വനംവകുപ്പ് വിലക്കിയിട്ടുണ്ട്. എന്നാല്‍ നിയമലംഘനം സ്ഥിരമായതിനാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ
തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ, പിടികൂടിയത് മൈസൂരിൽ നിന്ന്