
തൃശൂർ: രണ്ടു പേരുടെ മരണത്തിനിടയാക്കിയതടക്കം നിരവധി അപകടങ്ങൾ തുടർച്ചയായി നടന്ന ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ ജനകീയ സമരം തുടങ്ങി. ആവശ്യമായ സുരക്ഷാ മുൻകരുതലുകളെടുക്കാത്ത അധികൃതരുടെ സമീപനത്തിനെതിരെ 'നമ്മുടെ ഇരിങ്ങാലക്കുട' കൂട്ടായ്മയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹ സമരമാണ് ആരംഭിച്ചത്. ബൈപ്പാസ് റോഡിൽ കേശവൻവൈദ്യർ സ്ക്വയറിനു സമീപമാണ് സമരപന്തൽ.
ബൈപ്പാസ് റോഡ് ജംഗ്ഷനിൽ കാടു പോലെ വളർന്നു നിൽക്കുന്ന പുല്ലുകളാണ് പ്രധാന അപകടക്കെണി. ഇവ വെട്ടി വൃത്തിയാക്കുന്നതിനായി ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു. ഡ്രൈവർമാരുടെ കാഴ്ച്ച തടസപ്പെടുത്തുന്ന തരത്തിലുള്ള വലിയ ഫ്ലെക്സ് ബോർഡുകൾ ഉടൻ നീക്കം ചെയ്യുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണം. ജംഗ്ഷനു സമീപത്തുള്ള അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുകയോ ദൂരേയ്ക്ക് മാറ്റുകയോ ചെയ്യണം. ജംഗ്ഷന് സമീപം കാലങ്ങളായി തുരുമ്പെടുത്ത് കിടക്കുന്ന വാഹനം അവിടെ നിന്നും എടുത്തു മാറ്റണം. നിലവിലുള്ള രണ്ടു ഹമ്പ് ഉയർത്തി മാർക്കിങ്ങ് രേഖപ്പെടുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
ഹമ്പുകൾ ഇല്ലാത്ത ബൈപ്പാസ് റോഡിൽ അപകടങ്ങളൊഴിവാക്കാൻ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണം. പെർമിറ്റ് ഇല്ലാതെ ബൈപാസ് റോഡിലൂടെ റൂട്ട് തെറ്റിച്ചോടുന്ന ബസുകൾക്ക് എതിരെ കൾശന നടപടി സ്വീകരിക്കണമെന്നതാണ് ഇവർ ആവശ്യപ്പെടുന്ന മറ്റൊരു വിഷയം. ബൈപാസ് റോഡിൽ ഡിവൈഡറുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നു. ബൈപ്പാസ് റോഡിലെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് നിരവധി തവണ നഗരസഭക്കും എംഎൽഎക്കും നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ഇവിടെ ഇനിയൊരു അപകടമരണം ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെയൊരു സമരം നടത്തുന്നതെന്നും സംഘാടകർ പറഞ്ഞു. സാമൂഹിക പ്രവർത്തകയും സെന്റ് ജോസഫ് കോളജ് ഹിന്ദി വിഭാഗം മേധാവിയുമായ സിസ്റ്റർ.ഡോ.റോസ് ആന്റോ അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. 'നമ്മുടെ ഇരിങ്ങാലക്കുട' കൂട്ടായ്മ സെക്രട്ടറി മിനി ജോസ് കാളിയങ്കരയാണ് ആദ്യ ദിനം നിരാഹാരം അനുഷ്ഠിച്ചത്. പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam