
തൃശൂര്‍: കണിമംഗലത്തെ പാൽക്കാരി ഇനിമുതൽ തൃശൂരിന്‍റെ മേയർ. എല്ലാ ദിവസവും രാവിലെ പാലുമായി എത്തുന്ന കൗണ്‍സിലര്‍ അജിത വിജയനെന്ന മേയറെയാകും കണിമംഗലത്തുകാർ കണികാണുക. നാട്ടിലെ അങ്കണവാടി ടീച്ചറുടെയും നാട്ടുകാരുടെ പാൽക്കാരിയുടെയും തിരക്കുകൾക്കൊപ്പം നഗരമാതാവായും അജിത വിജയൻ മാറിയതോടെ കണിമംഗലത്തുകാരുടെ മുഖത്ത് ആഹ്ളാദമാണ് നാളെ മുതൽ വീട്ടിലേക്ക് തൃശൂരിന്‍റെ മേയറാണ് പാലുമായി വരികയെന്ന അഹങ്കാരവും.
18 വര്‍ഷമായി കണിമംഗലത്തെ കുടുംബങ്ങൾ അതിരാവിലെ സ്ഥിരം കാണുന്ന മുഖത്ത് മാറ്റങ്ങളില്ലാത്ത അതേ പുഞ്ചിരി തന്നെ.
സിപിഐ നേതാവ് വിജയൻ തിരുനിലത്തിന്‍റെ പത്നിയും സിപിഐ ഒല്ലൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ് അജിത വിജയന്‍. ഇതു രണ്ടാം തവണയാണ് അജിത വിജയന്‍ കൗണ്‍സിലിലെത്തുന്നത്. കൗണ്‍സിലറായി തുടരുമ്പോഴും സ്ഥിരമായി ചെയ്തുവരുന്ന ജോലികളൊന്നും ഒഴിവാക്കാറില്ല. പദവികള്‍ക്കനുസരിച്ച് മനുഷ്യന്‍ മാറാന്‍ പാടില്ലെന്നാണ് നിലപാട്.
മേയറാണെങ്കിലും എല്ലാ ജോലികളും പതിവു പോലെ തുടരുമെന്ന് അജിത വിജയന്‍ പറഞ്ഞു. എന്തു തന്നെയായാലും ഉപജീവനത്തിനുള്ള വഴികളും പിന്നിട്ട വഴികളും മറക്കാതെയാകും മേയര്‍ കസേരയിലിരിക്കുകയെന്ന് അജിത വിജയന്‍ പറഞ്ഞു.
മേയറായെന്ന് വച്ച് പാല്‍ വിതരണമൊന്നും നിര്‍ത്താന്‍ ഉദ്ദേശമില്ല. മേയറായാല്‍ അങ്കണവാടി ടീച്ചറായി തുടരാന്‍ പാടില്ലെന്നാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ അവധിയെടുക്കും.
പുലര്‍ച്ചെ നാലിന് ഉണര്‍ന്ന് വീട്ടുജോലികളൊക്കെ തുടങ്ങും. ഭര്‍ത്താവിന്‍റെ പേരിലാണ് മില്‍മ ഏജന്‍സി. ഭര്‍ത്താവ് വേറെ വഴിയില്‍ പാലു വിതരണത്തിന് പോകും. അഞ്ചാകുമ്പോള്‍ ആക്ടീവയില്‍ സ്വന്തം വാര്‍ഡിലെ വീടുകളിലേക്ക് അജിത പാലുമായി ഇറങ്ങും. ആദ്യമൊക്കെ ആറരയാകുമ്പോള്‍ വീട്ടില്‍ തിരിച്ചെത്തുമായിരുന്നു. എന്നാല്‍ കൗണ്‍സിലര്‍ ആയതില്‍ പിന്നെ പാല്‍ കൊടുക്കുന്നതിനൊപ്പം പരാതിയും ആവശ്യങ്ങളും കൂടി കേട്ട്, മടങ്ങിയെത്തുമ്പോള്‍ ഏഴരയെങ്കിലും ആകും.
സ്ട്രീറ്റ് ലൈറ്റ് തെളിയുന്നില്ലെന്ന പരാതികളൊന്നും ആര്‍ക്കും പറയേണ്ടി വരില്ല. കാരണം പുലര്‍ച്ചെ പാലുമായി പോകുമ്പോള്‍ അറിയാം എവിടെയൊക്കെ ലൈറ്റുകള്‍ കെട്ടു കിടക്കുന്നുവെന്ന്. ഉടനടി പരിഹാരമുണ്ടാകും. മേയർ പരിവേഷത്തിൽ സ്വന്തം ആക്ടീവയിൽ പുലർച്ചെ ഇറങ്ങുമ്പോഴും പ്രത്യേകതയൊന്നുമുണ്ടാവില്ലെന്നാണ് അജിതയുടെ മറുപടി.
യാദൃശ്ചികമായാണ് മത്സരരംഗത്തെത്തിയത്. സിപിഐക്ക് ലഭിച്ച കണിമംഗലം ഡിവിഷൻ വനിത വാര്‍ഡായതോടെയാണ് മത്സരിക്കാന്‍ നറുക്കു വീണത്. എല്‍ഡിഎഫിലെ ആര്‍ ബിന്ദു മേയറായിരുന്ന കാലത്താണ് ആദ്യമായി കൗണ്‍സിലിലെത്തിയത്. അന്നും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ചില്ല. അങ്കണവാടി ടീച്ചര്‍മാര്‍ക്ക് മത്സരിക്കാന്‍ പാടില്ലെന്ന നിയമം വന്നതോടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുനിന്ന് പിന്‍മാറിയത്. എന്നാല്‍ ഇത്തവണ അങ്ങനെ നിയമമൊന്നുമില്ലാതിരുന്നതിനാലാണ് വീണ്ടും മത്സരിക്കാന്‍ ഇറങ്ങിയത്.
കോര്‍പറേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുകയെന്നതായിരിക്കും പ്രധാന ലക്ഷ്യം. മേയറായാല്‍ ആദ്യമായി ചെയ്യാനുദ്ദേശിക്കുന്നത് കോര്‍പറേഷനില്‍ സ്ത്രീകള്‍ക്കായി ഒരു ഫീഡിംഗ് റൂം ഉണ്ടാക്കുകയെന്നതാണ്. കുട്ടികളെക്കൊണ്ട് വരുന്ന നിരവധി സ്ത്രീകളാണ് കരയുന്ന കുട്ടികള്‍ക്ക് ഫീഡിംഗ് നടത്താനാവാതെ ബുദ്ധിമുട്ടാറുള്ളത്.
പട്ടാളം കുപ്പിക്കഴുത്ത് പൊട്ടിക്കുന്നതുള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നാണ് കരുതുന്നത്. മുന്‍ മേയര്‍ കല്ലിട്ട പല പദ്ധതികളും കോര്‍പറേഷന്‍റെ സമയം കഴിയുന്നതിനുമുമ്പു തന്നെ പൂര്‍ത്തിയാക്കാനുള്ള ശ്രമവും നടത്തും. കളക്ടർ ടി വി അനുപമയുടെ മേല്‍നോട്ടത്തിലായിരുന്നു മേയർ തിരഞ്ഞെടുപ്പ്. തുടർന്ന് കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രി വി എസ് സുനിൽകുമാർ ഉൾപ്പടെ പ്രമുഖർ എത്തി അനുമോദനവും അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam