മലപ്പുറത്തിന്‍റെ മൈലാഞ്ചി കൈകളിൽ ഡ്രോൺ; ഡിജിസിഎ ലൈസൻസുള്ള കേരളത്തിലെ ആദ്യ വനിതാ ഡ്രോൺ പൈലറ്റായി റിൻഷ

Published : Jul 28, 2023, 02:51 PM ISTUpdated : Jul 28, 2023, 02:55 PM IST
മലപ്പുറത്തിന്‍റെ മൈലാഞ്ചി കൈകളിൽ ഡ്രോൺ; ഡിജിസിഎ ലൈസൻസുള്ള കേരളത്തിലെ ആദ്യ വനിതാ ഡ്രോൺ പൈലറ്റായി റിൻഷ

Synopsis

സർവേയിങ്ങിൽ ഡ്രോൺ ഉപയോഗത്തിന്റെ സാധ്യത മനസ്സിലാക്കിയാണ് ഈ കോഴ്സിന് ചേർന്നത്. 3ഡി മാപ്പിംഗ്, യുഎവി സർവേ, യുഎവി അസംബ്ലി ആന്റ് പ്രോഗ്രാമിംഗ്, ഏരിയൽ സിനിമാറ്റൊഗ്രഫി എന്നിവയിൽ സമഗ്രമായ പരിശീലനം ഈ കോഴ്സിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്,” റിൻഷ പറഞ്ഞു

മലപ്പുറം: കേന്ദ്ര സർക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റായ് മലപ്പുറം മങ്കര വടക്കാങ്കര  സ്വദേശിനി റിൻഷ പട്ടക്കൽ. മക്കരപ്പറമ്പ് ജി വി എച്ച് എച്ച് എസിൽ നിന്നു പ്ലസ് ടു പഠനത്തിനു ശേഷം ബി ടെക്ക് സിവിൽ എഞ്ചിനീയറിങ് പ്രവേശനത്തിനു കാത്തിരിക്കുന്ന ഇടവേളയിലാണ് റിൻഷ ഡ്രോൺ പറത്തൽ പരിശീലനം നേടിയത്. 

ഡിജിസിഎ അംഗീകാരമുള്ള കേരളത്തിലെ ഏക ഡ്രോൺ പറത്തൽ പരിശീലന കേന്ദ്രമായ കാസർകോട്ടെ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിലായിരുന്നു പരിശീലനം. എറണാകുളം ആസ്ഥാനമായ ഓട്ടോണമസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. സർവേയിങിൽ ഡ്രോണുകളുടെ ഉപയോഗ സാധ്യതയെ കുറിച്ച് മനസിലാക്കിയ സിവിൽ എൻജിനീയറായ പിതാവ് അബ്ദുൽ റസാഖാണ് റിൻഷയ്ക്ക് ഈ കോഴ്സ് നിർദേശിച്ചത്. അസാപ് കേരളയുടെ പ്രഥമ ഡ്രോൺ പറത്തൽ പരിശീലന ബാച്ചിലെ ഏക വനിതാ പഠിതാവായിരുന്നു റിൻഷ. 

മേയിലാണ് ഈ കോഴ്സിന് ഡിജിസിഎ അംഗീകാരം ലഭിച്ചത്. 96 മണിക്കൂർ ദൈർഘ്യമുള്ള ഈ എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റിങ് കോഴ്സ് 16 ദിവസം കൊണ്ട് പൂർത്തിയാക്കാം. അഞ്ചു ദിവസത്തെ ഡിജിസിഎ ലൈസൻസിങ് പ്രോഗ്രാമും ഈ കോഴ്സ് ഭാഗമായുണ്ട്. “ആകാശ നിരീക്ഷണം, രക്ഷാപ്രവർത്തനം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥാ നിരീക്ഷണം, അഗ്നിശമന സേന, ഡ്രോൺ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, കൃഷി, ഡെലിവറി സേവനങ്ങൾ എന്നിങ്ങനെ ഔദ്യോഗികവും സിവിൽ ആവശ്യങ്ങൾക്കും ഡ്രോണുകൾ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 

സർവേയിങ്ങിൽ ഡ്രോൺ ഉപയോഗത്തിന്റെ സാധ്യത മനസ്സിലാക്കിയാണ് ഈ കോഴ്സിന് ചേർന്നത്. 3ഡി മാപ്പിംഗ്, യുഎവി സർവേ, യുഎവി അസംബ്ലി ആന്റ് പ്രോഗ്രാമിംഗ്, ഏരിയൽ സിനിമാറ്റൊഗ്രഫി എന്നിവയിൽ സമഗ്രമായ പരിശീലനം ഈ കോഴ്സിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്,” റിൻഷ പറഞ്ഞു. ഡ്രോൺ പ്രവർത്തിപ്പിക്കാനും ടേക്ക് ഓഫ് ചെയ്തു നല്ല രീതിയിൽ പറത്തി സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുന്നതിന്റെയും ഉത്തരവാദിത്തം പൈലറ്റിനാണ്. സുരക്ഷാ പരിശോധനകൾ നടത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ടതും പൈലറ്റ് ആണ്. 
 
ഡ്രോണുകൾ പറപ്പിക്കുന്നതിനു നിലവിൽ ഇന്ത്യയിൽ ഡിജിസിഎ ഡ്രോൺ റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ്  നിർബന്ധമാക്കിയിട്ടുണ്ട്. ഡ്രോൺ പറത്തൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധവും ക്ലാസ്സിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിക്കും. പത്താം ക്ലാസ്സ് പാസ്സായ 18 വയസ്സിന് മുകളിൽ പ്രായം ഉള്ള ഏതൊരാൾക്കും ഈ കോഴ്സ് ചെയ്യാം. പാസ്പോർട്ട് ഉള്ളവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്. കോഴ്സ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക്:  9947132963

Read More : ആൻസന്‍റെ ബൈക്ക് അഭ്യാസം ജീവനെടുത്ത നമിതയ്ക്ക് ഇന്ന് ഇരുപതാം പിറന്നാൾ, കണ്ണീര് തോരാതെ കുടുംബം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്സവത്തിന് പോയി ഒന്നര മണിക്കൂറിൽ തിരിച്ചെത്തിയപ്പോൾ വീടിനകത്ത് ലൈറ്റുകളെല്ലാം ഓൺ, നഷ്ടമായത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വര്‍ണം
വനിത ഡോക്ടറെ വീഡിയോ കോൾ വിളിച്ച് പറ്റിച്ച് പണം കൈക്കലാക്കി, തലശേരി സ്വദേശിനിക്ക് നഷ്ടമായത് 10.5 ലക്ഷം, പ്രതിയെ പഞ്ചാബിൽ നിന്ന് പൊക്കി പൊലീസ്