
ആലുവ: തീവണ്ടിയിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണ യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശി ജിബിൻ ഫിലിപ്പാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്നു ജിബിൻ. വെള്ളം വാങ്ങാൻ ആലുവ സ്റ്റേഷനിൽ ഇറങ്ങിയ ജിബിൻ തിരിച്ച് ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം. അപ്പോഴേക്കും ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു. ചക്രങ്ങൾ ജിബിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി ജിബിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വടകരയിലും സമാനമായ നിലയിൽ ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുരിയാടിയിലെ കോയന്റവളപ്പിൽ രജീഷ് (42) ആണ് മരിച്ചത്. വടകര പൂവാടൻ ഗേറ്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായിരുന്നു രജീഷ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതിനിടെ തൃശ്ശൂർ വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്ക് നേരെ ആക്രമണമുണ്ടായി. ഒരു ട്രെയിനിന്റെ ചില്ല് കല്ലേറിൽ തകർന്നു. മറ്റൊരു ട്രെയിനിന് നേരെയും ആക്രമണം ഉണ്ടായി. എന്നാൽ ആർക്കെങ്കിലും പരിക്കേറ്റോയെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ 11.30 ഓടെയാണ് കല്ലേറുണ്ടായത്. എറണാകുളം ബാംഗ്ലൂർ എക്സ്പ്രസ് ട്രെയിനിന്റെ ജനൽ ചില്ലാണ് തകർന്നത്. നാഗർകോവിൽ മാംഗ്ളൂർ എക്സ്പ്രസ് ട്രെയിനിന് നേരെയും ആക്രമണം ഉണ്ടായി. വടക്കാഞ്ചേരി എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് വച്ചായിരുന്നു ആക്രമണം.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam