വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രക്ഷോഭം; പൂന്തുറയില്‍ മഹാസംഗമം നടത്തി

Web Desk   | Asianet News
Published : Nov 07, 2021, 07:09 AM IST
വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രക്ഷോഭം; പൂന്തുറയില്‍ മഹാസംഗമം നടത്തി

Synopsis

മതിയാക്കൂ ഈ നാശം വിതയ്ക്കുന്ന അദാനി തുറമുഖം എന്ന പേരിലാണ് തിരുവനന്തപുരം പൂന്തുറയില്‍ മല്‍സ്യത്തൊഴിലാളി- കര്‍ഷക മഹാസംഗമം നടത്തിയത്. 

തിരുവനന്തപുരം: വിഴിഞ്ഞത്തെ അദാനിയുടെ തുറമുഖ നിര്‍മാണം നിര്‍ത്തിവെപ്പിക്കാന്‍ കോടതിയിലേക്കല്ല പോകേണ്ടതെന്നും കര്‍ഷകരുടേതിന് സമാനമായ ബഹുജനമുന്നേറ്റമാണ് വേണ്ടതെന്നും പ്രശാന്ത് ഭൂഷണ്‍. നാടിന് നാശം വിതയ്ക്കുന്നതാണ് വിഴിഞ്ഞത്തെ തുറമുഖ നിര്‍മാണമെന്നും സര്‍ക്കാര്‍ പോലും വിഴിഞ്ഞം തുറമുഖമെന്ന പാരിസ്ഥിതിക ദുരന്തത്തിന് മുന്നില്‍ കണ്ണടയ്ക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. തിരുവനന്തപുരം പൂന്തുറയില്‍ തുറമുഖ നിര്‍മാണത്തിനെതിരായ മല്‍സ്യത്തൊഴിലാളി മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍.

മതിയാക്കൂ ഈ നാശം വിതയ്ക്കുന്ന അദാനി തുറമുഖം എന്ന പേരിലാണ് തിരുവനന്തപുരം പൂന്തുറയില്‍ മല്‍സ്യത്തൊഴിലാളി- കര്‍ഷക മഹാസംഗമം നടത്തിയത്. വിഴിഞ്ഞത്ത് അദാനി നിര്‍മിക്കുന്ന തുറമുഖം കൊണ്ടുണ്ടാകുന്ന നാശ നഷ്ടം അതിഭീകരമായിരിക്കുമെന്ന് സംഗമത്തില്‍ പങ്കെടുത്തവരെല്ലാം പറഞ്ഞു. ഇപ്പോള്‍ തന്നെ നിരവധി വീടുകള്‍ തകര്‍ന്നു തുടങ്ങി. നാശം തുടങ്ങിയിട്ടേയുള്ളൂ. ഇനിയിത് കൂടിക്കൂടി വരുമെന്നും ജനങ്ങളുടെ ശക്തമായി പ്രതിരോധിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന ജഗത് ജിങ് സിംഗ് ദെലവാള്‍, പിടി ജോണ്‍ തുടങ്ങി നിരവധി നേതാക്കള്‍ സംഗമത്തിനെത്തി. വീടുനഷ്ടപ്പെട്ടവരെയടക്കം ഉള്‍പ്പെടുത്തി സമരം ശക്തമാക്കാനാണ് സമരസമിതി ഉദ്ദേശിക്കുന്നത്. മീന്‍പിടിക്കുന്നവര്‍ക്ക് തൊഴിലിടവും വീടും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അന്തിയുറങ്ങേണ്ട ഗതികേടിലേക്കാണ് വിഴിഞ്ഞത്തും പരിസരത്തും ജീവിക്കുന്നവര്‍ പോകുന്നതെന്നും സംഗമത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
 

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്