
ആലപ്പുഴ: കരാറുകാരന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് വീടെന്ന സ്വപ്നം തകര്‍ന്ന് പെരുവഴിയിലായിരിക്കുകയാണ്
പുനര്‍ഗേഹം പദ്ധതിയില്‍ വീട് നിര്‍മാണത്തിന് അനുമതി ലഭിച്ച അമ്പലപ്പുഴ പുറക്കാട്ടെ നിരവധി കുടുംബങ്ങള്‍. ഫിഷറീസ് വകുപ്പിന്റെ പദ്ധതിയില്‍ പണം കൈമാറിയതിന് പിന്നാലെയായിരുന്നു കരാറുകാരന്റെ ആത്മഹത്യ. കരാറുകാരന്റെ കുടുംബവും സര്‍ക്കാരും കൈമലര്‍ത്തിയതോടെ മണ്‍സൂണില്‍ ഏത് നിമിഷവും കടലെടുക്കാവുന്ന ഷെഡുകളില്‍ കഴിയുകയാണ് ഈ കുടുംബങ്ങള്‍.
അമ്പലപ്പുഴ കൊട്ടാരവളവിലെ മത്സ്യത്തൊഴിലാളി സുശീലയ്ക്ക്, മകന്‍ വിനോദിന്റെ പേരില്‍ പുനര്‍ഗേഹം പദ്ധതിയില്‍ വീട് നിര്‍മിക്കാന്‍ അനുമതി കിട്ടിയത് 2021ലാണ്. കടല്‍തീരത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്കുള്ള ഫിഷറീസ് വകുപ്പിന്റെ ഭവന പദ്ധതിയാണിത്. മൊത്തം ലഭിക്കുന്നത് 10 ലക്ഷം. ആറ് ലക്ഷം കൊടുത്ത് ഭൂമി വാങ്ങി. സുശീല ഉള്‍പ്പെടെ അഞ്ച് കുടുംബങ്ങള്‍ വീട് നിര്‍മാണത്തിന് കരാര്‍ കൊടുത്തത് നാട്ടുകാരനായ രഞ്ജന്‍ മുത്തുകൃഷ്ണന്. പക്ഷെ മൂന്ന് മാസത്തിന് ശേഷം കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് രഞ്ജന്‍ ആത്മഹത്യ ചെയ്തു. ആകെ പൂര്‍ത്തിയായത് രണ്ടു വീടുകളുടെ തറ മാത്രം. ബാക്കിയുള്ളവര്‍ക്ക് ഒരു കല്ല് പോലും ഇട്ടില്ല. സംഭവത്തില്‍ പൊലീസിലും പഞ്ചായത്തിലും ഫിഷറീസ് മന്ത്രിക്കും ഉള്‍പ്പെടെ പരാതി നല്‍കി. ഒരു ഫലവും ഉണ്ടായിട്ടില്ല. കരാറുകാരന്റെ കുടുംബവും തിരിഞ്ഞു നോക്കുന്നില്ല. വീട് നിര്‍മാണത്തിന്റെ പുരോഗതിക്കനുസരിച്ചേ ബാക്കി പണം നല്‍കൂ എന്നതിനാല്‍ ഫിഷറീസ് വകുപ്പും കൈമലര്‍ത്തുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam