Asianet News MalayalamAsianet News Malayalam

അമിത് ഷായുടെ സന്ദർശനത്തിനിടയിലും സംഘർഷത്തിന് ശമനമില്ലാതെ മണിപ്പൂർ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 10 പേർ

ഇന്നലെ രാത്രി ഇംഫാലിലെത്തിയ അമിത് ഷാ ചർച്ചകളും സമാധാന ശ്രമങ്ങളും തുടരുന്നതിനിടെയാണ് ഇംഫാൽ ഈസ്റ്റ് ജില്ലയിലെ വഖാൻപായ് മേഖലയിലെ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടത്.

Manipur Violence Amit Shah hold meet with MLAs nbu
Author
First Published May 30, 2023, 1:54 PM IST

ദില്ലി: മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും സംഘർഷത്തിന് അയവില്ല. 24 മണിക്കൂറിനിടെ രണ്ട് പൊലീസുകാരുൾപ്പടെ 10 പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ സൈനിക നടപടി വിഘടനവാദത്തിനെതിരായിട്ടല്ലെന്നും, ഇരുവിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് നടക്കുന്നതെന്നും സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ പറഞ്ഞു. മണിപ്പൂരിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് രാഷ്ട്രപതിക്ക് നിവേദനം നൽകി. ഇന്ന് അക്രമബാധിത മേഖലകളിലെത്തി വിവിധ ജനവിഭാഗങ്ങളുമായി ചർച്ച നടത്തുന്ന അമിത് ഷാ വൈകീട്ട് സർവകക്ഷി യോഗം വിളിച്ചേക്കും. 

ഇന്നലെ രാത്രി ഇംഫാലിലെത്തിയ അമിത് ഷാ ചർച്ചകളും സമാധാന ശ്രമങ്ങളും തുടരുന്നതിനിടെയാണ് ഇംഫാൽ ഈസ്റ്റ് ജില്ലയിലെ വഖാൻപായ് മേഖലയിലെ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഇംഫാലിലും കാക്ചിം​ഗ് ജില്ലയിലുമുണ്ടായ സംഘർഷത്തിലാണ് രണ്ട് പൊലീസുകാരുൾപ്പടെ 9 പേർ കൊല്ലപ്പെട്ടത്. അക്രമമുണ്ടായ മേഖലകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന സൈനിക വാഹനവ്യൂ​ഹത്തിന് നേരെയടക്കം ആക്രമണമുണ്ടായി. ഇതുവരെ അക്രമം നടത്തിയ 33 തീവ്രവാദികളെ വധിച്ചെന്നാണ് മുഖ്യമന്ത്രി ബിരേൻ സിം​ഗ് പറഞ്ഞത്, എന്നാൽ, മണിപ്പൂരില്‍ നടക്കുന്നത് വിഘടനവാദമല്ലെന്നും, ഇരുവിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്നും സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കി. സൈന്യം സംസ്ഥാന സർക്കാറിനെ സഹായിക്കുകയാണ്, സ്ഥിതി ശാന്തമാകാൻ സമയമെടുക്കുമെന്നും സംയുക്ത സൈനിക മേധാവി പറഞ്ഞു.

രാവിലെയാണ് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയുടെ നേതൃത്ത്വത്തിലുള്ള സംഘം രാഷ്ട്രപതി ഭവനിലെത്തി ദ്രൗപദി മുർമുവിന് നിവേദനം കൈമാറിയത്. 12 നിർദേശങ്ങളടങ്ങിയ നിവേദനത്തിൽ മണിപ്പൂർ സംഘർഷം കൈകാര്യം ചെയ്യുന്നതില് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പരാജയമാണെന്ന് ആരോപിക്കുന്നു. ബിജെപിയുടെ വിഭജന രാഷ്ട്രീയമാണ് കലാപത്തിന് കാരണമെന്ന് ജയറാം രമേശും ആരോപിച്ചു. മെയ്തി - കുകി വിഭാ​ഗക്കാർ തമ്മിൽ തുടരുന്ന സംഘർഷത്തിൽ ഇതുവരെ 85 പേരാണ് കൊല്ലപ്പെട്ടത്.

Follow Us:
Download App:
  • android
  • ios