
തൃശൂർ : പുന്നയൂര്‍ക്കുളം വടക്കേകാട് പഞ്ചായത്ത് ശ്മശാന നിര്‍മ്മാണം കുഴിയിലൊതുങ്ങുന്നു. നിര്‍മ്മാണത്തിന് തുക അനുവദിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും കെട്ടിടത്തിനു കോണ്‍ക്രീറ്റ് തൂണ് നിര്‍മിക്കാന്‍ ഏതാനും കുഴിയെടുത്തതൊഴിച്ചാല്‍ മറ്റ് പണികളൊന്നും നടത്തിയിട്ടില്ല. ശ്മശാന നിര്‍മാണ ചുമതലയുള്ള കോസ്റ്റ്‌ഫോര്‍ഡിന്റെ അനാസ്ഥയാണ് പണി വൈകാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.
വാതക ശ്മശാനം നിര്‍മിക്കാന്‍ 2022ലാണ് ജില്ലാ പഞ്ചായത്ത് 70.50 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് 68 ലക്ഷം രൂപയും പഞ്ചായത്ത് 2.50 ലക്ഷവുമാണ് വകയിരുത്തിയത്. ആദ്യഗഡു 13.60 ലക്ഷം രൂപ 2022 മേയില്‍ ജില്ലാ പഞ്ചായത്ത് വടക്കേകാട് പഞ്ചായത്തിനു കൈമാറി. പണി ആരംഭിക്കാത്തതിനെ തുടര്‍ന്ന് നിലവിലെ എസ്റ്റിമേറ്റ് തുക 78.80 ലക്ഷം ആയി ഉയര്‍ത്തി. വിവാദത്തിനൊടുവില്‍ കഴിഞ്ഞ മേയില്‍ നിര്‍മാണോദ്ഘാടനം നടത്തി. പണി പൂര്‍ത്തീകരിച്ച് ശ്മശാനം 10 മാസത്തിനകം ഉദ്ഘാടനം ചെയ്യും എന്നായിരുന്നു പ്രഖ്യാപനം.
ആദ്യ രണ്ട് ദിവസം പണി നടന്നെങ്കിലും പിന്നെ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. അവശേഷിക്കുന്നതാകട്ടെ കുറച്ചു കുഴികള്‍ മാത്രം. മണ്ണിന്റെ ബലകുറവ് കാരണം തെങ്ങിന്‍തടി കുഴിയിലേക്ക് അടിച്ചു താഴ്ത്തിയുള്ള പൈലിങ് ആവശ്യമാണെന്നാണ് കോസ്റ്റ് ഫോര്‍ഡ് അധികൃതര്‍ പറയുന്നത്. ഇത് ഉള്‍പ്പെടെ എസ്റ്റിമേറ്റില്‍ മാറ്റം വരുത്തേണ്ടിവന്നതാണ് പണി തുടങ്ങാന്‍ വൈകിയതിനു കാരണമായി അധികൃതര്‍ പറയുന്നത്.
പാടത്തിനു സമീപമായതിനാല്‍ കുഴിയില്‍ വെള്ളമുണ്ടെന്നും, വെള്ളം വറ്റിച്ച് അടുത്ത ദിവസം മുതല്‍ പണി ആരംഭിക്കുമെന്നും അധികൃതര്‍ പറയുന്നു. അധികൃതരുടെ അനാസ്ഥ മൂലം ദുരിതമനുഭവിക്കുന്നത് പഞ്ചായത്ത് നിവാസികളാണ്. പഞ്ചായത്ത് പരിധിയില്‍ മരണം സംഭവിച്ചാല്‍ സമീപ പഞ്ചായത്തിലെയും നഗരസഭകളിലെയും ശ്മശാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പഞ്ചായത്ത് നിവാസികള്‍. വന്‍ തുക നല്കിയാണ് ഇവിടങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. ശ്മശാനനിര്‍മ്മാണം പുനരാരംഭിക്കാന്‍ വേണ്ട നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...