പുറമേരി ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കായകൽപ്പം പുരസ്കാരം

By Web TeamFirst Published Oct 30, 2018, 8:37 PM IST
Highlights

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി 40 ലക്ഷത്തിലേറെ രൂപയാണ് പഞ്ചായത്ത് ചിലവഴിച്ചത്. മെഡിക്കൽ ലാബ്, വയോജന കേന്ദ്രം, ഫാർമസി, ഓഡിറ്റോറിയം, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കാനാണ് ഭരണസമിതി മുൻഗണന നൽകിയത്

കോഴിക്കോട്: ജില്ലകളിലെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് നേഷണൽ ഹെൽത്ത് മിഷൻ നൽകുന്ന കായകൽപ്പം അവാർഡിന് പുറമേരി പഞ്ചായത്ത് ആരോഗ്യകേന്ദ്രം അർഹമായി. ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളും, ശുചിത്വ സംവിധാനങ്ങളും, സേവന മികവും പരിഗണിച്ചാണ് അവാർഡ്. ജില്ലയിലെ 76 പി.എച്ച്.സി കളെ പിന്തള്ളിയാണ് രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഈ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്വന്തമാക്കിയത്. 

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി 40 ലക്ഷത്തിലേറെ രൂപയാണ് പഞ്ചായത്ത് ചിലവഴിച്ചത്. മെഡിക്കൽ ലാബ്, വയോജന കേന്ദ്രം, ഫാർമസി, ഓഡിറ്റോറിയം, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കാനാണ് ഭരണസമിതി മുൻഗണന നൽകിയത്. പുതിയ കെട്ടിടത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഏതൊരു സ്വകാര്യ ആശുപത്രിയെയും വെല്ലുന്നതാണ്. ഗ്രാമ പഞ്ചായത്ത് അനുവദിച്ച ഫണ്ടിനു പുറമെ നിരവധി വ്യക്തികളും സ്ഥാപനങ്ങളും ആരോഗ്യ കേന്ദ്രത്തിന്റെ  ഉന്നമനത്തിനായി സംഭാവന നൽകി.

പൊതുപ്രവർത്തകരും, പ്രദേശവാസികളും ആശുപത്രി വികസനത്തിനായി പഞ്ചായത്ത് ഭരണ സമിതിയും, ആരോഗ്യ വകുപ്പ് ജീവനക്കാരും നടത്തുന്ന പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയാണ് നൽകുന്നത്. മെഡിക്കൽ ഓഫീസർ ഡോ.പ്രദോഷ് കുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരൊന്നിച്ചു നടത്തിയ പ്രവർത്തനങ്ങളുടെ കൂടി ഫലമായാണ് ഈ അംഗീകാരം അരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനെ തേടിയെത്തിയത്.

1970 കളിൽ ആരംഭിച്ച ഈ സ്ഥാപനം 1988 ലാണ് തോട്ടോളി ഗോപാലനടിയോടി സൗജന്യമായി നൽകിയ സ്ഥലത്ത്  സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. ഈയിടെ അന്തരിച്ച നെല്ലോളി അമ്മത് ഹാജി സൗജന്യമായി നൽകിയ ആംബുലൻസ് ഉപയോഗപ്പെടുത്തി ആരംഭിച്ച പാലിയേറ്റീവ് ഹോംകെയർ പഞ്ചായത്തിലാകെ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. 

ദിവസേന നൂറ് കണക്കിന് രോഗികൾ എത്തിച്ചേരുന്ന ഈ സ്ഥാപനം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആശുപത്രി പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും, ആരോഗ്യ വകുപ്പ് ജീവനക്കാരും, നാട്ടുകാരുമെന്ന് പ്രസിഡന്റ് കെ.അച്ചുതൻ അറിയിച്ചു.

click me!