
തൃശൂര്‍: പ്രളയം കവര്‍ന്ന സ്വന്തം നാടിനെ പുനഃസൃഷ്ടിക്കാന്‍ കരുന്നുകള്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം കൈകോര്‍ത്തത് നാടിന് വിപത്തായ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് വിറ്റുകൊണ്ട്. കയ്പമംഗലം നിയോജക മണ്ഡലത്തിലെ 78 സ്‌കൂളുകളിലെ കുട്ടികളാണ് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് 45,000 രൂപ സമ്പാദിച്ചതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തീരുമാനിച്ചതും.
തൃശൂരിലെത്തിയ മുഖ്യമന്ത്രിക്ക് തുക നേരിട്ട് കൈമാറാനായിരുന്നു കുട്ടികളുടെ പദ്ധതി. എന്നാല്‍, മുഖ്യമന്ത്രി പ്രകാശനം ചെയ്ത 'പ്രളയാക്ഷരങ്ങള്‍' എന്ന പുസ്തകം കുറച്ചുവാങ്ങുകയും ബാക്കി തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യൊപ്പോടെയുള്ള പുസ്തകങ്ങള്‍ വാങ്ങിയാണ് കയ്പമംഗലത്തെ കുഞ്ഞുമക്കള്‍ മടങ്ങിയത്. അതും മുഖ്യമന്ത്രിയുടെയും പ്രളയാനന്തര കേരളം - സെമിനാര്‍ വേദിയുടെയും മുക്തകണഠ പ്രശംസപിടിച്ചുപറ്റിക്കൊണ്ടുതന്നെ.
മാതൃകാപരമായ പ്രവര്‍ത്തനമാണ് ഇവരുടേതെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. ഇ.ടി ടെസണ്‍ മാസ്റ്റര്‍ എംഎല്‍എ, ബിപിഒ ടി.എസ് സജീവന്‍ മാസ്റ്റര്‍, കണ്‍വീനര്‍ സുനിത മേപ്പുറത്ത്, എം.കെ സൈഫുദ്ദീന്‍ എന്നിവരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നു. മണ്ഡലത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഏറ്റവും കൂടുതല്‍ സമാഹരിച്ച വിദ്യാര്‍ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കും സമ്മാനമായി ഈ ഗ്രന്ഥം നല്‍കുമെന്ന് ഇവര്‍ വ്യക്തമാക്കി.
78 സ്‌കൂളുകളിലെയും കുട്ടികളും രണ്ട് അധ്യാപക പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് 'സ്വരക്ഷ' എന്ന പദ്ധതി രൂപീകരിച്ചു. തുടര്‍ന്ന് നടന്ന ക്യാമ്പയിന്‍ വഴി 1.5 ലക്ഷം കുപ്പികള്‍ ശേഖരിക്കാനായി. 2000 കിലോയോളം തൂക്കം വരുന്നതായിരുന്നു ഇത്. കേരള സ്‌ക്രാപ് അസോസിയേഷന്‍ കിലോയ്ക്ക് 23.75 രൂപയ്ക്കാണ് ഇവ വാങ്ങിയത്.
കഥകളും കവിതകളും നോവല്‍ ഭാഗങ്ങളും ആത്മകഥാംശങ്ങളും പഠനങ്ങളും അഭിമുഖങ്ങളുമെല്ലാം കോര്‍ത്തിണക്കി കേരള സാഹിത്യ അക്കാദമി പുറത്തിറക്കുന്ന 'പ്രളയാക്ഷരങ്ങള്‍' എന്ന പുസ്തകം മണ്ഡലത്തിലെ എല്ലാ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ക്കും നല്‍കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam