
കണ്ണൂർ: കണ്ണൂരിലെ എരട്ടേങ്ങലിൽ വീട്ടിനകത്തെ ശുചിമുറിയിലെ ക്ലോസറ്റിൽ പെരുമ്പാമ്പ്. അടുക്കളയിലെ വർക്ക് ഏരിയയിലാണ് ആദ്യം പാമ്പിനെ കണ്ടത്. അവിടെനിന്ന് പാമ്പ് ശുചിമുറിയിലേക്ക് കയറുകയായിരുന്നു. സംഭവം അറിഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തിയിലായി.
വീട്ടുകാർ ഉടനെ വനംവകുപ്പ് റെസ്ക്യൂ ടീമിനെ വിവരമറിയിച്ചു. റെസ്ക്യൂ ടീം അംഗമായ ഷിജി അഞ്ച് മണിക്കൂറോളം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് പാമ്പിനെ പിടികൂടിയത്. ക്ലോസറ്റിൽ നിന്ന് ഡ്രെയ്ൻ പൈപ്പിനുള്ളിലേക്ക് ഇറങ്ങിയ പാമ്പിനെ, മാൻ ഗഹോൾ തുറന്ന് അതിലൂടെ ഹോസ് പൈപ്പ് ഉപയോഗിച്ച് വെള്ളമടിച്ച് തിരിച്ച് ക്ലോസറ്റിലേക്ക് എത്തിച്ച് അവിടെനിന്നാണ് പുറത്തെടുത്തത്.
പിടികൂടിയ പാമ്പിനെ പിന്നീട് കണ്ണവം വനംമേഖലയിലേക്ക് തുറന്നുവിടുകയും ചെയ്തു. ഒരു മാസത്തിനിടെ മാലൂർ പഞ്ചായത്തിൽ നിന്ന് വനംവകുപ്പ് 10ഓളം പാമ്പുകളെയാണ് പിടികൂടി കണ്ണവം വനമേഖലയിലേക്ക് തുറന്നുവിട്ടത്. പാമ്പുകൾ ഈ പ്രദേശത്തെ വീടുകളിലെ കോഴിക്കൂടുകളിൽ നിന്ന് കോഴികളെ പിടികൂടി കൊന്നിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam