അട്ടപ്പാടി ഈരുകളിൽ അനധികൃതമായി ഹോമിയോ മരുന്ന് വിതരണം, ആധാർ രേഖകൾ ശേഖരിക്കുന്നതായും പരാതി

By Web TeamFirst Published Sep 12, 2021, 11:45 AM IST
Highlights

പുതൂര്‍, അഗളി, ഷോളയൂര്‍ പഞ്ചായത്തുകളിലായി ഇതിനോടകം രണ്ടായിരം പേര്‍ക്ക് മരുന്നു നല്‍കി വിവരങ്ങള്‍ ശേഖരിച്ചതായി സംഘടന തന്നെ സമ്മതിക്കുന്നു...

പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളില്‍ കൊവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്ത് ആദിവാസികളടക്കമുള്ളവരുടെ ആധാര്‍ രേഖകള്‍ സന്നദ്ധ സംഘടന ശേഖരിക്കുന്നതായി പരാതി. ഹോമിയോ ‍ഡിഎംഒയുടെ അനുമതിയുണ്ടെന്ന് ഹൈറേഞ്ച് റൂറല്‍ ഡവലപ്മെന്‍റ് സൊസൈറ്റി എന്ന സന്നദ്ധ സംഘടന വിശദീകരിച്ചു. എന്നാല്‍ ആര്‍ക്കും മരുന്നു വിതരണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു ഹോമിയോ ഡിഎംഒയുടെ പ്രതികരണം.

രണ്ടാഴ്ച മുമ്പാണ് തേക്കുമുക്കിയൂരിലെ പുരുഷന്‍റെ വീട്ടില്‍ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരെത്തി കൊവിഡ് പ്രതിരോധത്തിനെന്ന് പറഞ്ഞ് ഹോമിയോ മരുന്നു നല്‍കിയത്. നാലു ദിവസം തുടര്‍ച്ചയായി കഴിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ആധാര്‍ കാര്‍ഡിന്‍റെ വിശദാംശങ്ങളും ശേഖരിച്ചു. ഇതേ കോളനിയിലെ സെല്‍വിക്കും തൊട്ടടുത്ത ആദിവാസി ഊരിലും ഗുളിക നല്‍കി സന്നദ്ധ സംഘടന രേഖകള്‍ ശേഖരിച്ചു

ആരോഗ്യവകുപ്പിന്‍റെ അനുമതിയുണ്ടെന്നായിരുന്നു ഹൈറേഞ്ച് റൂറല്‍ ഡവലപ്മെന്‍റ് സൊസൈറ്റിയുടെ വിശദീകരണം. സംഘടനയുടെ വാദം തള്ളുകയാണ് ഹോമിയോ ഡിഎംഒയുടെ ചുമതലയുള്ള ഡോ. ഉമ. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ വഴി മാത്രമാണ് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതെന്നും അവര്‍ വിശദീകരിച്ചു. 

സന്നദ്ധ സംഘടനയുടെ നീക്കം ദുരൂഹമെന്ന് കാണിച്ച് അട്ടപ്പാടിയിലെ പൊതു പ്രവര്‍ത്തക പൊലീസിനെയും ആരോഗ്യ വകുപ്പിനെയും സമീപിച്ചിട്ടുണ്ട്. പുതൂര്‍, അഗളി, ഷോളയൂര്‍ പഞ്ചായത്തുകളിലായി ഇതിനോടകം രണ്ടായിരം പേര്‍ക്ക് മരുന്നു നല്‍കി വിവരങ്ങള്‍ ശേഖരിച്ചതായി സംഘടന തന്നെ സമ്മതിക്കുന്നുമുണ്ട്.

click me!