
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിന്റെ ആവേശത്തിനിടയിലും, പാർട്ടിയുടെ മുഖമായിരുന്ന ആർ ശ്രീലേഖയുടെ മടക്കം ആഘോഷങ്ങളുടെ തിളക്കം കുറച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപേ അവർ ഹാൾ വിട്ടിറങ്ങിയത് പ്രവർത്തകർക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും അമ്പരപ്പുണ്ടാക്കി. അണികളുടെ പടക്കം പൊട്ടിക്കലിനോ മധുരവിതരണത്തിനോ കാത്തുനിൽക്കാതെയായിരുന്നു അവരുടെ ഈ മടക്കം. സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂര്‍ണമാകും മുമ്പ് തന്നെ ശ്രീലേഖ മടങ്ങുകയായിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് സംസാരിച്ച ശേഷം, പുറത്തേക്കിറങ്ങിയ ശ്രീലേഖ തനിച്ച് സ്വന്തം കാറ് വരുത്തിയാണ് തിരികെ പോയത്.
തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ട ആളായിരുന്നു ആർ. ശ്രീലേഖ. എന്നാൽ, അവസാന നിമിഷം വിവി രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിച്ചതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖമായി നിന്ന് മികച്ച വിജയം നേടിയ തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന വികാരത്തിലാണ് ശ്രീലേഖ. തന്റെ അതൃപ്തി അവർ ബിജെപി നേതൃത്വത്തെ നേരിട്ട് അറിയിച്ചതായാണ് വിവരം. ഇതിന്റെ തുടർച്ചയായാണ് ഔദ്യോഗിക ചടങ്ങുകൾ അവസാനിക്കും മുൻപേ അവർ മടങ്ങിയത്. ശ്രീലേഖയുടെ അതൃപ്തി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിൽ കേന്ദ്ര നേതൃത്വം അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സുരക്ഷിതമായ സീറ്റോ അല്ലെങ്കിൽ കേന്ദ്ര തലത്തിൽ നിർണ്ണായകമായ മറ്റ് പദവികളോ നൽകി അവരെ അനുനയിപ്പിക്കാനാണ് നീക്കം. മുതിർന്ന കേന്ദ്ര നേതാക്കൾ വരും ദിവസങ്ങളിൽ അവരുമായി നേരിട്ട് ചർച്ച നടത്തും.
ശ്രീലേഖയുടെ അതൃപ്തിക്കിടയിലും തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി. 51 വോട്ടുകൾ നേടിയാണ് വി.വി. രാജേഷ് തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ 50 അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകൾ രാജേഷിന് ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ആർപി ശിവജിക്ക് 29 വോട്ടും യുഡിഎഫിന്റെ കെഎസ് ശബരീനാഥന് 17 വോട്ടും ലഭിച്ചു. കോൺഗ്രസിലെ മുതിർന്ന അംഗം കെ.ആർ. ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടുകൾ ഒപ്പിട്ടതിലെ പിഴവ് മൂലം അസാധുവായി. ബിജെപി അംഗങ്ങൾ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് എൽഡിഎഫ് രംഗത്തെത്തി. ഭരണഘടനാപരമായ വാക്കുകൾക്ക് പകരം 'ബലിദാനി'കളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് എൽഡിഎഫ് നേതാവ് എസ്.പി. ദീപക് പറഞ്ഞു. വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സിപിഎം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam