
ചെങ്ങന്നൂർ: രാഹുൽ ഗാന്ധി വഴിമാറി നൽകിയെങ്കിലും ഹൃദ്രോഗിയായ മറിയാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. പാണ്ഡവൻപാറ മൂലയുഴത്തിൽ കെ.സി ചാക്കോയുടെ ഭാര്യ മറിയാമ്മ (67)യാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് അവശയായ മറിയാമ്മയെ കഴിഞ്ഞ ദിവസം എയർ ആംബുലൻസിലാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
മറിയാമ്മയെ കൊണ്ടുപോകുവാനായി എയർ ആംബുലൻസ് ചെങ്ങന്നൂരിലെത്തിയപ്പോൾ പ്രത്യേക സുരക്ഷയുളള രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററും ക്രിസ്ത്യൻ കോളേജ് മൈതാനിയിൽ ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ പറന്നുയർന്നതിന് ശേഷമേ ആംബുലൻസിന് ഗ്രൗണ്ട് ക്ലിയറൻസ് നൽകാനാവൂ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിലപാടെടുത്തു. രണ്ടു കോപ്റ്ററിനും ആലപ്പുഴയിൽ റിക്രിയേഷൻ ഗ്രൗണ്ടിലാണ് ഇറങ്ങേണ്ടിയിരുന്നത്. നേതാക്കളിൽ നിന്ന് വിവരം ഗ്രഹിച്ച രാഹുൽ ആദ്യം എയർ ആംബുലൻസ് പോകട്ടെ എന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതിനായി അരമണിക്കൂറോളം താൽകാലിക ഹെലിപ്പാടായ കോളേജ് ഗ്രൗണ്ടിൽ രാഹുൽ ഗാന്ധി കാത്തു നിന്നു.
പാണ്ഡവൻപാറ മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുമ്പോഴാണ് ചൊവ്വാഴ്ച രാവിലെ 10ന് മറിയാമ്മക്ക് ഹൃദയാഘാതമുണ്ടായത്. ഉടൻതന്നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി വണ്ടാനത്തേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 11.30നാണ് മരണം സംഭവിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam