റെയില്‍പ്പാത ഇരട്ടിപ്പ്; നഷ്ടപരിഹാരം നല്‍കിയില്ല, സർക്കാർ വാഹനങ്ങൾ പിടിച്ചെടുത്ത് കോടതി

By Web TeamFirst Published Sep 30, 2022, 11:30 AM IST
Highlights

ലീഗൽ മെട്രോളജി, ഹാർബർ വകുപ്പുകളുടേത് ഉൾപ്പെടെ നാല് വാഹനങ്ങളാണ് ഇപ്പോള്‍ പിടിച്ചെടുത്തത്. നഷ്ടപരിഹാരം കെട്ടിവെച്ചാലേ ഇവ വിട്ടുകൊടുക്കൂവെന്നും കോടതി അറിയിച്ചു.


ആലപ്പുഴ:  അമ്പലപ്പുഴ - കായംകുളം റെയിൽ പാത ഇരട്ടിപ്പിക്കുന്നതിനിന്‍റെ ഭാഗമായി ഭൂമി വിട്ടു നൽകിയവർക്കുള്ള നഷ്ടപരിഹാരം കൊടുത്ത് തീര്‍ക്കാത്തതിനാല്‍, കോടതി ഉത്തരവിനെ തുടര്‍ന്ന് ജില്ലയിലെ ചില വകുപ്പുകളുടെ സർക്കാർ വാഹനങ്ങൾ പിടിച്ചെടുത്തു. ലീഗൽ മെട്രോളജി, ഹാർബർ വകുപ്പുകളുടേത് ഉൾപ്പെടെ നാല് വാഹനങ്ങളാണ് ഇപ്പോള്‍ പിടിച്ചെടുത്തത്. നഷ്ടപരിഹാരം കെട്ടിവെച്ചാലേ ഇവ വിട്ടുകൊടുക്കൂവെന്നും കോടതി അറിയിച്ചു. നഷ്ടപരിഹാര തുകയ്ക്കനുസരിച്ച് ഇനിയും വാഹനങ്ങൾ പിടിച്ചെടുക്കാനുണ്ട്. 

അമ്പലപ്പുഴ - കായംകുളം റെയിൽ പാത ഇരട്ടിപ്പിക്കുന്നതിനിന്‍റെ ഭാഗമായി റെയിൽവേയ്ക്ക് ഭൂമി നൽകിയവർ, തങ്ങള്‍ നല്‍കിയ ഭൂമിക്ക് മതിയായ നഷ്ടപരിഹാരം കിട്ടിയില്ലെന്ന് കാണിച്ച്  കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ അഡീഷണൽ ജില്ലാ കോടതി വിധിച്ചു. കോടതി വിധിയെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. നഷ്ടപരിഹാരം സംബന്ധിച്ച് പലതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ബന്ധപ്പെട്ടവർ ഇത് കാര്യമാക്കിയില്ല. മാത്രമല്ല, ലഭിച്ച ഭൂമിക്ക് നഷ്ടപരിഹാരം നൽകിയതാണെന്നും അത് പോരെന്ന് പറഞ്ഞാണ് ഇപ്പോള്‍ ചിലർ കോടതിയെ സമീപിച്ചതെന്നുമാണ് റെയില്‍വേയുടെ ഭൂമിയേറ്റെടുക്കൽ വിഭാഗം പറയുന്നത്.  

റെയില്‍ പാത ഇരട്ടിപ്പിന് ഭൂമി നല്‍കിയവര്‍ക്ക് റെയിൽവേയും സംസ്ഥാന സർക്കാരും ചേർന്ന് തുല്യമായാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്. കോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാന സർക്കാരിന്‍റെ സ്വത്ത് എന്ന നിലയിലാണ് ഇപ്പോള്‍ സർക്കാർ വകുപ്പുകളുടെ വാഹനങ്ങൾ പിടിച്ചെടുത്തിരിക്കുന്നത്. തുക നൽകിയില്ലെങ്കിൽ ഈ വാഹനങ്ങൾ ലേലത്തിൽ വെക്കും. വാഹനം നഷ്ടമായതോടെ വകുപ്പുകൾ പലതും 'പെരുവഴിയിലായി'. ജില്ല മുഴുവൻ പരിശോധന നടത്താൻ ലീഗൽ മെട്രോളജി വകുപ്പ് ഉപയോഗിക്കുന്ന പ്രധാന വാഹനമാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് പിടിച്ചെടുത്തത്. പരിശോധനയ്ക്ക് വാഹനമില്ലാതായതോടെ ആലപ്പുഴ ലീഗല്‍ മെട്രോളജിയുടെ പരിശോധനകള്‍ ഏതാണ്ട് നിലച്ച അവസ്ഥയിലാണ്.  

click me!