
തിരുവനന്തപുരം: ദീർഘദൂര യാത്രകൾക്കുള്ള റെയിൽവേ ടിക്കറ്റ് ബ്ലാക്കിൽ വിൽപ്പന നടത്തിയ റിസർവേഷൻ ക്ലർക്കിനെ ആർപിഎഫ് സംഘം പിടികൂടി. ചിറയിൻകീഴ് സ്റ്റേഷനിലെ റിസർവേഷൻ ക്ലാർക്ക് രാജസ്ഥാൻ സ്വദേശി മദൻ മോഹൻ മീണയാണ് അറസ്റ്റിലായത്. ഇതര സംസ്ഥാനക്കാരെ ലക്ഷ്യം വെച്ചായിരുന്നു വിൽപ്പന നടത്തിയിരുന്നത്. ഇതിനായി അസം സ്വദേശിയെ ഇടനിലക്കാരനായി ഉപയോഗിച്ചതായും ആർപിഎഫ് കണ്ടെത്തി.
ആവശ്യക്കാരെ ബന്ധപ്പെട്ട് തത്കാൽ ടിക്കറ്റുകൾ എടുത്ത് നൽകുകയാണ് ചെയ്തിരുന്നത്. ഇതിനായി 1500 മുതൽ 2000 രൂപ വരെയാണ് ടിക്കറ്റിന് അധികമായി ഈടാക്കിയിരുന്നത്. ഒന്നിച്ച് യാത്ര ചെയ്യുന്നവർക്ക് ഇത് കാര്യമായ നഷ്ടമല്ലാത്തതിനാൽ വൻ തോതിൽ വിൽപ്പന നടന്നുവരികയായിരുന്നു. ഉദ്യോഗസ്ഥൻ നൽകുന്ന പേരുകളുമായി അസം സ്വദേശി രാവിലെ കൗണ്ടറിൽ എത്തും. ഇയാൾ നൽകുന്ന റിസർവേഷൻ ഫോമുകളിലെ വിവരങ്ങൾ നേരത്തെ തന്നെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയ ഉദ്യോഗസ്ഥൻ ഉടൻ ടിക്കറ്റും ഇഷ്യു ചെയ്തു നൽകും. എന്നും ആദ്യം വരി നിൽക്കുന്നത് അസം സ്വദേശിയായിരുന്നതിനാൽ സംശയം തോന്നിയ ആർപിഎഫ് മാസങ്ങളായി ഇയാളെ നിരീക്ഷിച്ചാണ് ഉദ്യോഗസ്ഥനെയും പിടികൂടിയത്.
കൗണ്ടറിൽ നിൽക്കുന്നതിന് ഇയാൾക്കു ദിവസവും 400 രൂപയാണു കമ്മീഷൻ. ടിക്കറ്റ് എടുക്കാൻ വരുന്ന ഉത്തരേന്ത്യക്കാരുമായി പരിചയം സ്ഥാപിച്ച് ഇവർ ടിക്കറ്റ് ആവശ്യമുള്ള സുഹൃത്തുക്കളെയും പരിചയപ്പെടുത്തി നൽകുമായിരുന്നെന്നും ആർപിഎഫ് കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ മദൻ മോഹൻ മീണയെ കോടതി ജാമ്യത്തിൽ വിട്ടു. കേസ് കോടതി പരിഗണനയിലാണെന്നതിനാൽ തുടർ നടപടികൾ കോടതി തീരുമാനിക്കുമെന്ന് അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം നോർത്ത് ഉദ്യോഗസ്ഥർ പറഞ്ഞു.