
മാവേലിക്കര: മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളുടെ പ്രധാന ആവശ്യമായ മൈനാഗപ്പള്ളി, കല്ലുമല, നാലുകോടി റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്ങിന് (GAD) ദക്ഷിണ റെയിൽവേയുടെ അന്തിമ അംഗീകാരം. ഈ പദ്ധതികൾ നിർമ്മാണ ഘട്ടത്തിലേക്ക് കടക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക അനുമതിയാണിത്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്.
മേൽപ്പാലങ്ങൾക്കായി 2021ൽ തന്നെ റെയിൽവേയുടെ ഭരണാനുമതിയും ആവശ്യമായ ഫണ്ടും ലഭ്യമായിരുന്നുവെന്നും എന്നാൽ അന്നത്തെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുണ്ടായ നടപടിക്രമങ്ങളിലെ കാലതാമസം കാരണം പദ്ധതികൾ വർഷങ്ങളോളം മുന്നോട്ടുപോകാതെ കിടന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഈ സാഹചര്യം പലതവണ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തുകയും പാർലമെന്റിലും ഉദ്യോഗസ്ഥതല ചർച്ചകളിലും നിരന്തരം വിഷയം ഉന്നയിക്കുകയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കത്തുകൾ നൽകുകയും ചെയ്തിരുന്നതായും എംപി വ്യക്തമാക്കി.
തുടർന്ന് സംസ്ഥാനത്തെ 37 റോഡ് ഓവർ ബ്രിഡ്ജുകളുടെയും ഒരു റെയിൽവേ അണ്ടർ ബ്രിഡ്ജിന്റെയും നിർമ്മാണച്ചെലവ് നൂറുശതമാനവും റെയിൽവേ വഹിക്കാൻ തീരുമാനമായി. ആദ്യം 50:50 ചെലവ് പങ്കിടൽ മാതൃകയിൽ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന പദ്ധതികൾ പിന്നീട് റെയിൽവേയുടെ പൂർണ സാമ്പത്തിക സഹായത്തോടെ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (KRDCL) ഏകോപനത്തിൽ നടപ്പാക്കുന്ന പദ്ധതികളായി മാറിയെന്നും എംപി പറഞ്ഞു.
കല്ലുമല റെയിൽവേ മേൽപ്പാലത്തിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രാരംഭഘട്ടം ആരംഭിച്ചുകഴിഞ്ഞു. അതേസമയം മൈനാഗപ്പള്ളി, നാലുകോടി മേൽപ്പാലങ്ങളുടെ കാര്യത്തിൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കല്ലുമല മേൽപ്പാലം സംസ്ഥാന സർക്കാരും റെയിൽവേയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ്. എന്നാൽ മൈനാഗപ്പള്ളി, നാലുകോടി, തകഴി, ചങ്ങനാശ്ശേരി വടക്കേക്കര, ആവണീശ്വരം എന്നീ മേൽപ്പാലങ്ങൾ റെയിൽവേയുടെ 100 ശതമാനം സാമ്പത്തിക സഹായത്തോടെയാണ് നിർമ്മിക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
കുട്ടനാട് തൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നും ഈ വർഷം നവംബർ മാസത്തോടെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംപി അറിയിച്ചു. തകഴി, ചങ്ങനാശേരി വടക്കേക്കര മേൽപ്പാലങ്ങളുടെ ജിഎഡി അംഗീകാരം ഉടൻ ലഭിക്കും. ആവണീശ്വരം മേൽപ്പാല പദ്ധതിയുടെ നടപടികൾ പുരോഗമിക്കുകയാണെന്ന് ദക്ഷിണ റെയിൽവേ ചീഫ് ബ്രിഡ്ജസ് എൻജിനീയർ അറിയിച്ചിട്ടുണ്ടെന്ന് എംപി പറഞ്ഞു.
ജിഎഡി അംഗീകാരം ലഭിച്ച പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനും ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമായി കെആർഡിസിഎൽ., റെയിൽവേ, റവന്യൂ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവരുടെ ഉന്നതതല യോഗം താമസിയാതെ വിളിച്ചുചേർക്കും. കൂടാതെ, വിളക്കുടി ഗ്രാമപഞ്ചായത്തിൽ അനുവദിച്ച മിനി റെയിൽവേ ഓവർബ്രിഡ്ജിന്റെ തുടർനടപടികൾ അവലോകനം ചെയ്യുന്നതിനായി ഈ മാസം തന്നെ മധുര റെയിൽവേ ഡിവിഷൻ ആസ്ഥാനത്ത് പ്രത്യേക യോഗവും ചേരുന്നതാണെന്നും എംപി വ്യക്തമാക്കി.
മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ എല്ലാ പ്രധാന റെയിൽവേ ലെവൽ ക്രോസുകളിലും സുരക്ഷിതവും ആധുനികവുമായ മേൽപ്പാലങ്ങൾ യാഥാർഥ്യമാക്കി ജനങ്ങളുടെ യാത്രാക്ലേശത്തിനും ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരം കാണുകയെന്നതാണ് ലക്ഷ്യം. ഓരോ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടും സംസ്ഥാന സർക്കാരിനോടും ബന്ധപ്പെട്ട ഏജൻസികളോടും ചേർന്ന് ശക്തമായ ഇടപെടലുകൾ തുടർന്നും നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam