
കൊച്ചി: ഏറെ ദിവസങ്ങൾക്ക് ശേഷമാണ് കൊച്ചിയിൽ മഴ പെയ്യുന്നത്. മഴയ്ക്ക് പിന്നാലെ കളമശ്ശേരി എച്ച് എം ടി - മണലിമുക്ക് കോൺക്രീറ്റ് റോഡിൽ കിലോമീറ്ററുകളോളം നുരയും പതയും പൊങ്ങിയത് നാട്ടുകാരിൽ കൗതുകമുണർത്തി. ശക്തിയായി മഴ പെയ്യുമ്പോൾ റോഡുകളിൽ വെള്ളം പതഞ്ഞൊഴുകാറുണ്ട്. എന്നാൽ ഇവിടത്തെ കാഴ്ച അല്പം വ്യത്യസ്തമാണ്.
ടാറിട്ട റോഡിനേക്കാൽ വളരെ കൂടുതലാണ് കോൺക്രീറ്റ് സ്ലാബിട്ട റോഡുകളിലുണ്ടാവുന്ന പത. കോൺക്രീറ്റ് റോഡുകൾക്ക് എണ്ണയെ ആഗിരണം ചെയ്യാനുള്ള കഴിവില്ലാത്തതാണ് പ്രധാന കാരണം. കട്ടിയുള്ള കോൺക്രീറ്റ് റോഡിന് എണ്ണയെ വലിച്ചെടുക്കാൻ കഴിയില്ലാത്തതിനാൽ വാഹനങ്ങളിൽ നിന്ന് വീഴുന്ന ഓയിലും മറ്റും കോൺക്രീറ്റിന് മുകളിൽ തന്നെ തങ്ങി നിൽക്കും. മഴ പെയ്യുമ്പോൾ ഈ ഓയിൽ വെള്ളവുമായി കലരുകയും ടയറുകൾ കയറിയിറങ്ങുമ്പോൾ എളുപ്പത്തിൽ പതയുകയും ചെയ്യുന്നു.
എന്നാൽ ടാറിട്ട റോഡുകൾ എന്നത് പെട്രോളിയം ഉത്പന്നമാണ്. അതുകൊണ്ട് തന്നെ വാഹനങ്ങളിൽ നിന്നും ഓയിലോ ഗ്രീസോ വീഴുമ്പോൾ ടാർ റോഡിലേക്കിത് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയോ അതിൽ ഒട്ടിപ്പിടിക്കുകയോ ചെയ്യും. മഴ വരുമ്പോൾ അത് വെള്ളവുമായി കലർന്ന് പതയാകാനുള്ള സാധ്യതയും കുറയുന്നു, ഇനി പതഞ്ഞാലും അതിന്‍റെ വ്യാപ്തി വളരെ കുറവായിരിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam