
മൂന്നാര്‍: ഓൺലൈൻ പഠന പ്രതിസന്ധിയ്ക്ക് പരിഹാരമാകാതെ ഇടുക്കിയിലെ തോട്ടം മേഖല. മൊബൈലിന് റേഞ്ച് കിട്ടാത്ത സ്ഥലകളിൽ സിബിഎസ്ഇ സ്കൂളുകളിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ഇപ്പോഴും കിട്ടാക്കനിയാണ്. കിലോമീറ്ററുകളോളം നടന്നെത്തിയാണ് വിദ്യാര്‍ഥികള്‍ റേഞ്ചുള്ള സ്ഥലങ്ങളിലെത്തുന്നത്.
റോഡിലൂടെ പോകുന്നവര്‍ക്ക് വിദ്യാര്‍ഥികള്‍ കാഴ്ച കാണാന്‍ വന്നതാണെന്ന് തോന്നാമെങ്കിലും ഇവരാരും വെറുതെ കാഴ്ച കാണാൻ വന്നിരിക്കുന്നതല്ല, ഓൺലൈൻ പഠനത്തിന് റേഞ്ച് തേടി വന്നതാണ്. മൂന്നാറിൽ നിന്ന് മറയൂരിലേക്ക് പോകുന്ന വഴി നയമക്കാടാണ് ഇവരുടെ വീട്. ഈ ഭാഗത്ത് ഇരുപതോളം കുട്ടികളുണ്ട്. എല്ലാവരുടെയും സ്ഥിതി സമാനം. മൂന്നാറിലെയും മാട്ടുപ്പെട്ടിയിലെയും സിബിഎസ്ഇ സ്കൂളുകളിലെ വിദ്യാർത്ഥികളാണിവർ.
വിക്ടേർസ് ചാനലിൽ സിബിഎസ്ഇ വിദ്യാർത്ഥികളുടെ ക്ലാസില്ല. പിന്നെ ആശ്രയം വിവിധ ആപ്പുകൾ വഴി സ്കൂളുകൾ നൽകുന്ന ഓൺലൈൻ പഠനം. പക്ഷേ തോട്ടം മേഖലയിലെ വീടുകളിൽ മൊബൈലിന് റേഞ്ച് കിട്ടാത്തതിനാൽ തത്സമയം പഠനം അസാധ്യമാവുകയാണ്. പാഠഭാഗങ്ങൾ ഡൗൺലോഡ് ചെയ്തെടുത്താണ് ഇവരുടെ പഠനം. പക്ഷേ എന്തെങ്കിലും സംശയം വാട്സ്‍ആപ്പ് വഴി അധ്യാപകരോട് ചോദിക്കണമെങ്കിൽ റെയ്ഞ്ച് കിട്ടാൻ വീണ്ടും കിലോമീറ്ററുകൾ നടന്ന് ഇവിടെ വരണം. ഇതിനൊരു പരിഹാരമുണ്ടാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam