
മാന്നാർ: ഗ്രാമീണ മേഖലകളില്‍ സജീവമായിരുന്ന ആലകള്‍ ഇന്ന് നഷ്ടത്തിന്‍റേയും അന്യം നിന്ന് പോകലിന്‍റേയും പാതയിലാണ്. കാർഷിക ഉപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും പ്രധാന നിർമിതി കേന്ദ്രങ്ങളായിരുന്ന ആലകൾ. നിലം ഉഴുതുന്നതിനുള്ള കലപ്പകൾ, കല്ലുവെട്ടുന്നതിനുള്ള മഴു, നെല്ല് കൊയ്യുന്നതിനുള്ള അരിവാൾ, വിറക് കീറുന്നതിനും മരം മുറിക്കുന്നതിനുമുള്ള കോടാലി, മഴു, വാച്ചി, വാക്കത്തി തുടങ്ങി വീട്ടാവശ്യത്തിനുള്ള കത്തി, പിച്ചാത്തി എന്നിവയുടെയെല്ലാം നിർമിതി ആലകളായിരുന്നു.
വീടുകളുടെ സമീപത്തായി ഓലയും ഷീറ്റിൽ തീർത്ത മേൽകൂരയെ താങ്ങി നിർത്തുന്നത് നാല് തൂണുകളിലാണ്. പല ഭാഗങ്ങളിലായി ചിതറി കിടക്കുന്ന പണി സാധനങ്ങളും ആലകളിൽ കാണാം. പണി സാധനങ്ങൾ റിപ്പയർ ചെയ്യുന്നതിനും മൂർച്ച കൂട്ടുന്നതിനുമൊക്കെയായി ആലകളെയാണ് ആശ്രയിച്ചിരുന്നത്. പാടങ്ങളിലെ പണികള്‍ക്കൊപ്പം ആലകളിലും തിരക്കുണ്ടായിരുന്ന കാലം മാറുകയാണ്. പാടങ്ങളിൽ കൊയ്ത്തുകാർക്ക് പകരം യന്ത്രങ്ങൾ എത്തിയത് ആലകളുടെ ശോഷിപ്പിന് കാരണമായി.
അതുപോലെ പഴയകാലത്തെ ആലകൾ പലതും നാടിന്റെ സ്ഥലങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇവിടെയെല്ലാം പഴമയുടെ പണികളും നടക്കുന്നുണ്ട് എന്നാല്‍ പഴയത് പോലെ സജീവമല്ലെന്ന് മാത്രം. മാന്നാർ മേഖലയിൽ നൂറോളം ആലകൾ സജീവമായിരുന്നിടത്ത് ഇപ്പോൾ നാമമാത്രമായ ആലകളാണുള്ളത്. പഴയ കാലത്ത് കൂലി കുറവായിരുന്നെങ്കിലും പണികളേറെയും ഇതിനൊപ്പം പണിക്കാരും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നല്ല കൂലി ലഭിക്കുന്നുണ്ടെങ്കിലും പണിക്കാരും ഈ മേഖലയിൽ ആവശ്യങ്ങൾക്കെത്തുന്നവരും കുറവാണ്.
ചെന്നിത്തല പഞ്ചായത്തിൽ 15-ാം വാർഡ് തെക്കുംമുറി ചേന്നമത്ത് വേണു ഗോപാലിന്റെയും (51), 16-ാം വാർഡിൽ കൊറ്റോട്ട് കാവിൽ മധുവിന്റെയും (49) പഴമയുടെ പെരുമയായി പ്രവർത്തിക്കുന്ന രണ്ട് ആലകൾ നാടിനൊരു അപൂർവ കാഴ്ചയാണ്. പരമ്പരാഗത തൊഴിലിന്റെ വഴികാട്ടിയായ ആലകളിൽ കരി കിട്ടാനില്ലാത്തതും ഈ മേഖലയിൽ പണിയെടുക്കുന്ന കുടുംബങ്ങള്‍ക്ക് വെല്ലുവിളിയാവുന്നത്. തമിഴ്‌നാട്ടിൽ നിന്ന് കരി ലഭിക്കാതായതോടെ വിവിധയിടങ്ങളിൽ അമിത വില നൽകിയാണ് കരി ശേഖരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam