യുഡിഎഫിന്‍റെ ഒരൊറ്റ 'അവിശ്വാസം'; റാന്നിയിൽ ബിജെപി പിന്തുണയിലെ എൽഡിഎഫ് ഭരണം അവസാനിച്ചു, ശോഭ ചാർളി രാജിവച്ചു

By Web TeamFirst Published Oct 7, 2022, 6:29 PM IST
Highlights

ശോഭയെ എൽ ഡി എഫിൽ നിന്ന് പുറത്താക്കിയെന്ന് അറിയിപ്പ് വന്നിരുന്നെങ്കിലും പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പിന്തുണ പിൻവലിച്ചിരുന്നില്ല

പത്തനംതിട്ട: റാന്നി ഗ്രാമ പഞ്ചായത്തിൽ ബി ജെ പി പിന്തുണയോടെയുള്ള എൽ ഡി എഫ് ഭരണത്തിന് അവസാനമായി. യു ഡി എഫ് അവിശ്വാസ നോട്ടീസ് നൽകിയതോടെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശോഭ ചാർളി രാജിവച്ചു. കേരള കോൺഗ്രസ് (എം) അംഗമായിരുന്ന ശോഭ ചാർളി ബി ജെ പി പിന്തുണയോടെയാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് സംസ്ഥാനത്താകെ വലിയ ചർച്ചയായിരുന്നു. പിന്നാലെ ശോഭയെ എൽ ഡി എഫിൽ നിന്ന് പുറത്താക്കിയെന്ന് അറിയിപ്പ് വന്നിരുന്നെങ്കിലും പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പിന്തുണ പിൻവലിച്ചിരുന്നില്ല. എൽ ഡി എഫിന്‍റെ പുറത്താക്കൽ അറിയിപ്പ് പ്രഹസനമാണെന്നും കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നുമുള്ള ആരോപണം അന്നേ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.

രാജിവെക്കാന്‍ തയ്യാറായില്ല; ബിജെപി പിന്തുണയോടെ ജയിച്ച റാന്നി പഞ്ചായത്ത് പ്രസിഡൻ്റിനെ എല്‍ഡിഎഫ് പുറത്താക്കി

ഇടതു മുന്നണി പ്രസിഡന്‍റ് സ്ഥാനാർത്ഥിയാക്കിയ കേരള കോൺഗ്രസ് മാണി വിഭാഗം അംഗം ശോഭ ചാർളിക്ക് ബി ജെ പി അംഗങ്ങളും അന്ന് വോട്ട് ചെയ്യുകയായിരുന്നു. ബി ജെ പി പിന്തുണയിൽ വിജയിച്ചതിനാൽ രാജി വയ്ക്കണമെന്ന് എൽ ഡി എഫ് നേതൃത്വം ശോഭയോട് ആവശ്യപ്പെട്ടെങ്കിലും അംഗികരിച്ചിരുന്നില്ല. കേരള കോൺഗ്രസ് നേതൃത്വവുമായി അന്ന് ചർച്ച നടത്തിയിരുന്നു. പക്ഷെ കേരള കോൺഗ്രസ് ശോഭയോട് രാജി ആവശ്യപ്പെട്ടില്ല. ഇതോടെയാണ് അഞ്ച് അംഗങ്ങളുളള എൽഡിഎഫ് പാർലമെന്‍ററി പാർട്ടിയിൽ നിന്ന് ശോഭ ചാർളിയെ പുറത്താക്കിയതായി അറിയിപ്പ് വന്നത്. എൽ ഡി എഫ് പഞ്ചായത്ത് കൺവീനർ ടി എൻ ശിവൻകുട്ടി ഇത് സംബന്ധിച്ച് ഒറ്റവരിയുള്ള ഒദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിരുന്നു. ശോഭയെ മാത്രം പുറത്താക്കിയുള്ള എൽ ഡി എഫ് നിലപാട് കണ്ണിൽ പൊടി ഇടുന്നതാണെന്ന ആരോപണവുമായി പിന്നാലെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പുറത്താക്കിയതാണെങ്കിൽ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പിന്തുണ എന്തുകൊണ്ടാണ് പിൻവലിക്കാത്തതെന്ന ചോദ്യവും അവർ ഉന്നയിച്ചിരുന്നു. എല്ലാത്തിനുമൊടുവിലായി ശോഭ ചാർളി രാജിവച്ചതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് റാന്നി പഞ്ചായത്ത് ഭരണത്തിൽ അവശേഷിക്കുന്നത്.

click me!