മിന്നല്‍ റെയ്ഡ്; കോഴിക്കോട് വീട്ടില്‍ സൂക്ഷിച്ച കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

By Web TeamFirst Published Oct 7, 2022, 6:11 PM IST
Highlights

പന്നിയങ്കര എസ്.എച്ച്.ഒ ശംഭുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇബ്രാഹിമിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവും ലഹരി വസ്തുക്കളും പിടികൂടിയത്.

കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോഴിക്കോട് പയ്യാനക്കൽ സ്വദേശി ചാമുണ്ടി വളപ്പിൽ ഇബ്രാഹിം ആണ്  അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 300 ഗ്രാം കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പൊലീസ് കണ്ടെടുത്തു.

പന്നിയങ്കര എസ്.എച്ച്.ഒ ശംഭുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇബ്രാഹിമിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവും ലഹരി വസ്തുക്കളും പിടികൂടിയത്. എസ്.ഐ ഗ്ലാഡിന് എഡ്വേർഡിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ  സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, ഷീജ, ജിനീഷ്, പത്മരാജ് രജീഷ്, രമേശ് എന്നിവർ  പങ്കെടുത്തു. സംസ്ഥാന സർക്കാരിന്‍റെ ലഹരിക്കെതിരെയുള്ള പ്രത്യേക ഓപ്പറേഷൻ 'യോദ്ധാവിന്‍റെ' ഭാഗമായാണ് റെയ്ഡ് നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

ആലപ്പുഴയിലും ഇന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടികൂടിയിരുന്നു. പിക്അപ് വാനിൽ സവാളയോടൊപ്പം കടത്തിക്കൊണ്ടുവന്ന 18 ലക്ഷം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.  ആലപ്പുഴ ആലിശ്ശേരി വെളിമ്പറമ്പ് മുനീർ (28), അമ്പലപ്പുഴ തെക്ക് കാവുങ്കൽ പുരയിടത്തിൽ സജീർ (23) എന്നിവരെയാണ് സൗത്ത് പൊലീസ് പിടികൂടിയത്. മുനീര്‍ ആണ് വാൻ ഓടിച്ചിരുന്നത്. ആലപ്പുഴ കലക്ടറേറ്റിന് സമീപത്തുവെച്ചാണ് വാഹനം പിടികൂടിയത്. സവാളക്കൊപ്പം 88 ചാക്കിലായി 5500 പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് ഉണ്ടായിരുന്നത്.

Read More : വാക്കേറ്റം 'വയലന്‍റ് ' ആയി; കൊച്ചിയില്‍ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ച് പേരെ പൊലീസ് പൊക്കി

click me!