
തിരുവനന്തപുരം: വർക്കല താലൂക്കിൽ വർക്കല പാപനാശം ബീച്ചിൽ ബലി മണ്ഡപത്തിനുസമീപം കടൽ 50 മീറ്ററോളം ഉൾവലിഞ്ഞതിന്‍റെ കാരണം വ്യക്തമാക്കി അധികൃതർ. പ്രസ്തുത പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണെന്നാണ് ഇന്ത്യൻ നാഷണൽ സെന്‍റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസും (INCOIS) കേരള ദുരന്ത നിവാരണ വിഭാഗവും (KSDMA) വ്യക്തമാക്കിയത്. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ലെന്നും അറിയിച്ചിട്ടുണ്ട്. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടോ ഇന്ത്യൻ തീരത്ത് ഇന്ന് വൈകുന്നേരത്തോടെ നടന്ന ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസം ഉണ്ടായതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അറിയിച്ചിട്ടുണ്ട്. കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളിൽ ഉള്ളവർ ഈ സമയങ്ങളിൽ കടലിൽ ഇറങ്ങാതിരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേകം ശ്രദ്ധിക്കുകയും മുൻകരുതലുകൾ എടുക്കുകയും വേണമെന്നും അറിയിപ്പുണ്ട്.
അതേസമയം തുലാവർഷപ്പെഴ്ത്ത് ഇനിയുള്ള ദിവസങ്ങളിൽ കുറയാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചനകൾ. വരും ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയില്ലെന്നാണ് വ്യക്തമാകുന്നത്. അടുത്ത അഞ്ച് ദിവസങ്ങളിൽ കാലാവസ്ഥ വകുപ്പ് മഴ ജാഗ്രത നിർദ്ദേശമായ യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ കേരളത്തിൽ ഒരു ജില്ലയിൽ പോലും പുറപ്പെടുവിച്ചിട്ടില്ല്. എന്നാൽ നവംബർ 07 മുതൽ നവംബർ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam