
മുഹമ്മ: പോലീസിൻ്റെ കണ്ണുവെട്ടിച്ച് കാൽ നൂറ്റാണ്ടിലധികം കാലം ഒളിവിൽ കഴിഞ്ഞ മോഷണക്കേസ് പ്രതിയെ നാടകീയമായി പിടികൂടി മുഹമ്മ പൊലീസ്. 29 വർഷങ്ങൾക്ക് മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ വേണുഗോപാലൻ നായരാണ് (69) നീണ്ട ഒളിവുജീവിതത്തിന് തിരശ്ശീലയിട്ട് ഒടുവിൽ വലയിലായത്. ചേർത്തല പാണാവള്ളി സ്വദേശിയായ വേണുഗോപാലൻ നായർക്കെതിരെ 1996 സെപ്റ്റംബർ 7-ന് രാത്രി പുത്തനങ്ങാടിയിലെ ടെക്സ്റ്റൈൽസിന്റെ മേൽക്കൂര പൊളിച്ച് തുണിത്തരങ്ങൾ മോഷ്ടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കൂട്ടുപ്രതിയായ തമിഴ്നാട് സ്വദേശി കുഞ്ഞുമോനുമായി ചേർന്ന് മോഷ്ടിച്ച തുണിത്തരങ്ങൾ കോട്ടയത്ത് വിറ്റതിന് ശേഷം മുഹമ്മ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ പള്ളിപ്പുറത്തെ താമസസ്ഥലത്തുനിന്നും അപ്രത്യക്ഷനാകുകയായിരുന്നു.
ഒളിവിൽ പോയ വേണുഗോപാലൻ നായർ കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിലേക്ക് കടക്കുകയും, അവിടെ ഹോട്ടൽ തൊഴിലാളിയായും ഓട്ടോറിക്ഷ ഡ്രൈവറായും ഇരട്ടജീവിതം നയിക്കുകയുമായിരുന്നു. ഈ സമയത്ത് കൊട്ടിയൂരിലെ ഒരു പ്രദേശവാസിയായ സ്ത്രീയെ വിവാഹം കഴിക്കുകയും ആ ബന്ധത്തിൽ ഒരു കുട്ടിയോടൊത്ത് താമസിച്ച് വരികയും ചെയ്തു. ഇയാൾ ഒളിവിലായതോടെ ആദ്യ ഭാര്യയും മക്കളും പള്ളിപ്പുറത്തെ വീടും സ്ഥലവും വിറ്റ് കോട്ടയത്തേക്ക് താമസം മാറ്റിയിരുന്നു.
വർഷങ്ങൾക്ക് ശേഷം കൊട്ടിയൂരിലെ കുടുംബത്തെ ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തിയ വേണുഗോപാലൻ നായർ, ആദ്യ ഭാര്യയോടും മക്കളോടുമൊപ്പം പാണാവള്ളി അരയങ്കാവിൽ പുതിയ മേൽവിലാസമുണ്ടാക്കി താമസിച്ചു വരികയായിരുന്നു. എറണാകുളത്തും മറ്റുമുള്ള പള്ളികളിൽ മെഴുകുതിരികളും മറ്റും കച്ചവടം ചെയ്താണ് മോഷ്ടാവായി ഒളിവിലിരുന്ന ഇയാൾ ജീവിതം മുന്നോട്ട് കൊണ്ടുപോയത്.
വർഷങ്ങളായി ഒളിവിലായിരുന്ന പ്രതികളെ കണ്ടെത്തുന്നതിനായുള്ള ചേർത്തല എഎസ്പി ഹാരിഷ് ജയിൻ്റെ നിർദ്ദേശപ്രകാരം മുഹമ്മ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ തന്ത്രപരമായി കുടുക്കിയത്. അരയങ്കാവിലെ താമസസ്ഥലത്തുനിന്നും പിടിയിലായ വേണുഗോപാലൻ നായരെ ചേർത്തല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾ ചേർത്തല, ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ പരിധികളിലും സമാനമായ രീതിയിൽ മോഷണങ്ങൾ നടത്തിയിരുന്നു. കേസിലെ കൂട്ടുപ്രതിയായിരുന്ന കുഞ്ഞുമോൻ വിചാരണക്കിടെ മരണപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam