എലിയെ കൊല്ലാൻ അലുമിനിയം ഫോസ്ഫേറ്റ് തളിച്ചു; ശരീരത്തളര്‍ച്ചയുണ്ടായ ജീവനക്കാര്‍ ആശുപത്രിയില്‍

By Web TeamFirst Published Feb 13, 2019, 6:01 PM IST
Highlights

25 ദിവസം മുമ്പാണ് എലികളെയും പ്രാണികളെ ഇല്ലാതാക്കാൻ ചെറിയ തോതിൽ അലൂമിനിയം ഫോസ്ഫേറ്റ് ഉപയോഗിച്ചതെന്നും ഒരാഴ്ച വരെ മാത്രമേ ഇതിന്റെ വീര്യം ഉണ്ടാവുകയുള്ളൂയെന്നും രണ്ടാഴ്ച കഴിഞ്ഞതിനാൽ വിഷം ശ്വസിച്ചതല്ല അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്

ആലപ്പുഴ: എലി വിഷം ശ്വസിച്ചതിനെതുടർന്ന് കൊമ്മാടി സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷനിലെ ഗോഡൗണിൽ ജോലി ചെയ്തുകൊണ്ടിരുന്ന രണ്ട് ജീവനക്കാർക്ക് ശരീരത്തളർച്ചയുണ്ടായി. ഇവരെ ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ആദ്യം ഒരു തൊഴിലാളിക്ക് തലകറക്കവും ഛർദ്ദിയുമുണ്ടായി. പിന്നാലെ മറ്റൊരു തൊഴിലാളിക്കുകൂടി ഇതേ അവസ്ഥയുണ്ടായതോടെ മറ്റ് തൊഴിലാളികൾ ഭീതിയിലായി. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്കൂളിലേക്കും സപ്ലെകോ ഔട്ട് ലെറ്റുകളിലേക്കും കൊണ്ടു പോകാനുള്ള അരിച്ചാക്കുകൾക്കിടയിൽ എലിയെ കൊല്ലാൻ അലുമിനിയം ഫോസ്ഫേറ്റ് തളിച്ചിരുന്നു. ഇത് ശ്വസിച്ചാണ് ഛർദ്ദിയും തലകറക്കും ഉണ്ടായതെന്നാണ് തൊഴിലാളികൾ പറയുന്നത്. 

25 ദിവസം മുമ്പാണ് എലികളെയും പ്രാണികളെ ഇല്ലാതാക്കാൻ ചെറിയ തോതിൽ അലൂമിനിയം ഫോസ്ഫേറ്റ് ഉപയോഗിച്ചതെന്നും ഒരാഴ്ച വരെ മാത്രമേ ഇതിന്റെ വീര്യം ഉണ്ടാവുകയുള്ളൂയെന്നും രണ്ടാഴ്ച കഴിഞ്ഞതിനാൽ വിഷം ശ്വസിച്ചതല്ല അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ മതിയായ പരിശോധന നടത്തി ആർക്കും ഒരു പ്രശ്നമുമില്ലെന്ന് ഉറപ്പ് വരുത്തിയതിനുശേഷം മാത്രമേ ജോലി ചെയ്യുവാൻ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് തൊഴിലാളികൾ. ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളികളെ പ്രാഥമിക ചികിത്സ നൽകി അരമണിക്കൂറിനുശേഷം വിട്ടയച്ചു

click me!