കുടില്‍ക്കെട്ടി സമരം ഫലം കണ്ടു; ചിന്നക്കനാലില്‍ സ്വകാര്യ കമ്പനിയ്ക്ക് മറിച്ച് വിറ്റ റവന്യൂ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

By Web TeamFirst Published Jul 6, 2019, 6:11 PM IST
Highlights

സൂര്യനെല്ലിയില്‍ ആദിവാസികള്‍ക്ക് വിതരണത്തിനായി മാറ്റിയിട്ടിരിക്കുന്ന സ്ഥലത്തിനോട് ചേര്‍ന്ന് കിടക്കുന്ന റവന്യൂ ഭൂമിയാണ് സ്വകാര്യ വ്യക്തി കള്ളപ്പട്ടയമുണ്ടാക്കി മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ ഡി എസ് എന്ന കമ്പനിയ്ക്ക് മറിച്ച് വിറ്റത്.

ഇടുക്കി: ചിന്നക്കനാലില്‍ കള്ളപ്പട്ടയമുണ്ടാക്കി സ്വകാര്യ കമ്പനിയ്ക്ക് മറിച്ച് വിറ്റ റവന്യൂ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ തോട്ടം തൊഴിലാളികള്‍ കുടില്‍കെട്ടി സമരം നടത്തി വന്നിരുന്ന ഒന്നര ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് റവന്യൂവകുപ്പ് തിരിച്ച് പിടിച്ചത്. കയ്യേറ്റ ഭൂമി തിരിച്ച് പിടിച്ച സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് കുടിലുകള്‍ പൊളിച്ച് നീക്കുമെന്ന് സമരസമിതിയും അറിയിച്ചു.  

സൂര്യനെല്ലിയില്‍ ആദിവാസികള്‍ക്ക് വിതരണത്തിനായി മാറ്റിയിട്ടിരിക്കുന്ന സ്ഥലത്തിനോട് ചേര്‍ന്ന് കിടക്കുന്ന റവന്യൂ ഭൂമിയാണ് സ്വകാര്യ വ്യക്തി കള്ളപ്പട്ടയമുണ്ടാക്കി മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ ഡി എസ് എന്ന കമ്പനിയ്ക്ക് മറിച്ച് വിറ്റത്. സ്ഥലം റവന്യൂ ഭൂമിയാണെന്ന് ആരോപിച്ച് അന്നു തന്നെ നാട്ടുകാരും തൊഴിലാളികളം രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പട്ടയം 2010ല്‍ റദ്ദ് ചെയ്യുകയും ചെയ്തു. 

എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. കയ്യേറ്റക്കാര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് സൂര്യനെല്ലിയിലെ തോട്ടം തൊഴിലാളികള്‍ സമരസമിതി രൂപീകരിച്ച് സ്വകാര്യ കമ്പനിയ്ക്ക് മറിച്ച് വിറ്റ ഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്.  ചിന്നക്കനാലിലെ ഏക്കറ് കണക്കിന് വരുന്ന കയ്യേറ്റ ഭൂമികള്‍ തിരിച്ച് പിടിച്ച് ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 21നാണ് സമരം ആരംഭിച്ചത്.

 സമരത്തെ തുടര്‍ന്ന് റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ സ്ഥലം റവന്യൂ വകുപ്പേന്റേതാണെന്ന് നിലവില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നരയേക്കറോളം വരുന്ന ഭൂമി എറ്റെടുത്ത് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് ബോര്‍ഡും സ്ഥാപിച്ചു. കയ്യേറ്റ ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിച്ച സാഹചര്യത്തില്‍ സമരസമിതി സമരം അവസാനിപ്പിച്ചു.
 

click me!