
കണ്ണൂര്‍: അശാസ്ത്രീയ പെർമിറ്റും റോഡുകളിലെ പരിമിതിയും ഉള്‍പ്പെടെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന്റെ കാരണങ്ങള്‍ പലതാണ്. അപകടങ്ങൾ ആവർത്തിക്കുമ്പോഴും പേരിനു മാത്രമാണ് ഗതാഗത വകുപ്പിന്റെ നടപടി.
മിനിറ്റുകളുടെ ഇടവേളയിൽ ഒന്നിലധികം ബസുകള്‍. ഒരു മിനുറ്റ് വൈകിയാൽ ഈ പാച്ചിൽ മരണപാച്ചിൽ ആകും- "ഈരണ്ട് മിനിറ്റ് ഗ്യാപ്പാ. ചെറിയ വാഹനങ്ങളുടെ അഭ്യാസം വേറെയും. ഓടിയെത്തുന്നില്ല" എന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.
അശാസ്ത്രീയമായ പെർമിറ്റുകളാണ് അപകടത്തിന് കാരണമെന്നാണ് ബസ് ജീവനക്കാരുടെ പരാതി. പെർമിറ്റുകളുടെ പട്ടിക പോലും ആർ ടി ഒ ഓഫീസിൽ കൃത്യമായില്ല. പിന്നെങ്ങനാണ് നിയമ ലംഘനങ്ങള്‍ക്ക് പിടിയിടുക? തിരക്കേറിയ പയ്യന്നൂർ, തളിപറമ്പ് റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പും ലോക്കൽ ബസുകളും ഓടുന്നത് സെക്കന്റുകളുടെ ഇടവേളയിൽ. യാത്രക്കാർ കയറും മുന്‍പേ ബസ് എടുക്കുന്ന സാഹചര്യവുമുണ്ട്.
ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പൊലീസും നടത്തുന്ന പരിശോധനകള്‍ തകൃതിയാണ്. ഏറിയ പങ്കും ഹെൽമറ്റ് വേട്ടയിലൊതുങ്ങും. വലിയ വാഹനങ്ങളിലെ ലംഘനങ്ങള്‍ പിടി വീഴാതെ തുടരും. പരിശോധനകള്‍ വഴിപാടാവരുത്. പിഴിയാനുളള മാർഗവുമല്ല. മരണ പാച്ചിലുകള്‍ക്ക് അവസാനം കാണാനുളളതാവണം.