പ്രളയാനന്തര പുനര്‍നിര്‍മ്മാണം; വിമര്‍ശിച്ച പ്രതിപക്ഷ നേതാവിനെ 'ട്രോളി' മന്ത്രി കടകംപള്ളിയുടെ കുറിപ്പ്

By Web TeamFirst Published Jun 4, 2019, 7:44 AM IST
Highlights

സര്‍ക്കാര്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ താങ്കോല്‍ ദാനം നിര്‍വ്വഹിച്ച പ്രതിപക്ഷനേതാവ് സര്‍ക്കാരെന്നും ചെയ്യുന്നില്ലെന്ന് പറയുന്നതിലെ വൈരുധ്യത്തെ തുറന്നു കാട്ടുകയായിരുന്നു മന്ത്രി. 
 


തിരുവനന്തപുരം: പ്രളയാനന്തര കേരളത്തെ വീണ്ടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചേർപ്പ് സഹകരണ സംഘം നിർമ്മിച്ച വീടിന്‍റെ താക്കോൽദാനം നിര്‍ഹിക്കുന്ന ചിത്രം പങ്കുവെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പ്. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ വീണ്ടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു. 

ഇതിന് പുറകേ കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി സഹകരണ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതിയുടെ കീഴിൽ ചേർപ്പ് സഹകരണ സംഘം നിർമ്മിച്ച വീടിന്‍റെ താക്കോൽദാനം നിര്‍വഹിക്കുന്ന രമേശ് ചെന്നിത്തല, അതിന്‍റെ വാര്‍ത്തയും ചിത്രവും തന്‍റെ ഫേസ് ബുക്കില്‍ പ്രസിദ്ധപ്പെടുത്തിയത്. സര്‍ക്കാര്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ താങ്കോല്‍ ദാനം നിര്‍വ്വഹിച്ച പ്രതിപക്ഷനേതാവ് സര്‍ക്കാരെന്നും ചെയ്യുന്നില്ലെന്ന് പറയുന്നതിലെ വൈരുധ്യത്തെ തുറന്നു കാട്ടുകയായിരുന്നു മന്ത്രി. 

ഇതൊടൊപ്പം സര്‍ക്കാര്‍ പുനര്‍നിര്‍മ്മാണത്തിനായി ചെയ്ത കാര്യങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എണ്ണമിട്ട് നിരത്തുന്നു. കേരളമെമ്പാടും കെയർ ഹോം പദ്ധതിയിലൂടെ 2000 വീടുകളാണ് സഹകരണ വകുപ്പ് നിർമിച്ചു നൽകുന്നു. കഴിഞ്ഞ ഫെബ്രുവരി 26ന് മുഖ്യമന്ത്രി 228 വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചാണ് ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. അതിന് ശേഷം ഇതുവരെ 1200 ഓളം വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു. ബാക്കി വരുന്ന വീടുകളുടെയും നിർമാണം ഉടൻ തന്നെ പൂർത്തീകരിച്ച് കൈമാറുമെന്നും ഇതിന്‍റെ താക്കേല്‍ ദാനം  നിർവഹിക്കുവാനും സർക്കാരിന്‍റെ നവകേരള നിർമാണത്തിൽ പങ്കാളിയാകുവാനും പ്രതിപക്ഷ നേതാവിന് കഴിയട്ടെയെന്നും മന്ത്രി ആശംസിക്കുന്നു. അതോടൊപ്പം പ്രതിപക്ഷ നേതാവിനെ താക്കോല്‍ ദാനത്തിന് ക്ഷണിച്ച ചേർപ്പ് സഹകരണ സംഘത്തെ അഭിനന്ദിക്കുവാനും മന്ത്രി മടിക്കുന്നില്ല.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം: 

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി ബഹു: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം സഹകരണ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതിയുടെ കീഴിൽ ചേർപ്പ് സഹകരണ സംഘം നിർമ്മിച്ച വീടിന്റെ താക്കോൽദാനം ബഹു: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു. പ്രളയം തകർത്ത കേരളത്തെ വീണ്ടെടുക്കാൻ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞു നടന്ന പ്രതിപക്ഷ നേതാവിനെ തന്നെ താക്കോൽ ദാനത്തിനായി ക്ഷണിച്ച ചേർപ്പ് സഹകരണ സംഘം ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ.

പ്രതിപക്ഷ നേതാവിന്റെ അറിവിലേക്കായി ചില കാര്യങ്ങൾ,
കേരളമെമ്പാടും കെയർ ഹോം പദ്ധതിയിലൂടെ 2000 വീടുകളാണ് സഹകരണ വകുപ്പ് നിർമിച്ചു നൽകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ബഹു: സംസ്ഥാന മുഖ്യമന്ത്രി സ:പിണറായി വിജയൻ 228 വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചാണ് ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. അതിന് ശേഷം ഇതുവരെ 1200 ഓളം വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു അതിന്റെ ഉപഭോക്താക്കൾക്ക് കൈ മാറി കഴിഞ്ഞു. ബാക്കി വരുന്ന വീടുകളുടെയും നിർമാണം ഉടൻ തന്നെ പൂർത്തീകരിച്ചു കൈമാറുന്നതാണ്. പ്രതിപക്ഷ നേതാവിന് ഇനിയും ഒരുപാട് വീടുകളുടെ താക്കോൽദാനം നിർവഹിക്കുവാനും സർക്കാരിന്റെ നവകേരള നിർമാണത്തിൽ പങ്കാളിയാകുവാനും കഴിയട്ടെ എന്നാശംസിക്കുന്നു.

 

 

click me!