
കോഴിക്കോട്: പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്യാനായി വനം വകുപ്പിന്‍റെ നഴ്‌സറികളില്‍ ഉത്പാദിപ്പിച്ചത് നാല് ലക്ഷം തൈകള്‍. ഒന്നര ലക്ഷത്തോളം തൈകള്‍ ഇതിനോടകം വിദ്യാലയങ്ങളില്‍ എത്തിച്ചു കഴിഞ്ഞു. കേരള വനം വന്യജീവി വകുപ്പ് സമഗ്രവൃക്ഷവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടാണ് ഇക്കുറി പരിസ്ഥിതിദിനം ആചരിക്കുക. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 5 ന് രാവിലെ 10 മണിക്ക് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.
ആര്യവേപ്പ്, നെല്ലി, കുമിഴ്, താന്നി, നീര്‍മരുത്, വേങ്ങ, കണിക്കൊന്ന, കൂവളം, വേപ്പ്, ഉങ്ങ്, മണിമരുത്, സീതപ്പഴം, പുളി, മന്ദാരം, മുള, ലക്ഷ്മിതരു, പൂവരശ് തുടങ്ങിയ മരങ്ങളുടെ തൈകളാണ് വിതരണം ചെയ്യുന്നത്. ഒപ്പം ഗോള്‍ഡന്‍ ട്രിനിറ്റി എന്നറിയപ്പെടുന്ന തേക്ക്, വീട്ടി, ചന്ദനം എന്നിവയുമുണ്ട്. ഇത് വനം വകുപ്പ് തന്നെയാണ് നട്ടുപിടിപ്പിക്കുക.
ബേപ്പൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. നിയുക്ത എംപി എം കെ രാഘവന്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. വിദ്യാര്‍ഥികള്‍ക്കായുള്ള തൈവിതരണത്തിന്‍റെ ഉദ്ഘാടനം വി കെ സി മമ്മദ് കോയ എംഎല്‍എയും പൊതുജനങ്ങള്‍ക്കായുള്ള തൈവിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരിയും നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവു, പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി ശോഭീന്ദ്രന്‍, സോഷ്യല്‍ ഫോറസ്ട്രി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോക്ടര്‍ സി. മീനാക്ഷി, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam