പ്രളയാനന്തര കേരളത്തിന് കൈത്താങ്ങ്: കേരള റോയല്‍ സ്പോര്‍ട്സ് ക്ലബിന്‍റെ ഭവന പദ്ധതിക്കു തുടക്കമായി

By Web TeamFirst Published Feb 22, 2019, 7:34 PM IST
Highlights

പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് ഒരു കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെയാണ് ഭവന നിര്‍മാണ പദ്ധതിയുമായി മുന്നോട്ടുവന്നതെന്നും പദ്ധതിയുടെ ഭാഗമായുള്ള കൂടുതല്‍ വീടുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

കൊച്ചി: അമേരിക്കയിലെ ഡാളസിലുള്ള കേരള റോയല്‍ സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനര്‍ക്കുള്ള ഭവന പദ്ധതിക്കു തുടക്കമായി. പ്രളയത്തെ തുടര്‍ന്ന് കേരളത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിർമ്മിച്ചു കൊടുക്കുന്ന പദ്ധതിയിലെ ആദ്യവീടിന്‍റെ തറക്കല്ലിടല്‍ ചടങ്ങ് കളമശേരി നിയോജകമണ്ഡലത്തിലെ കുന്നുകരപഞ്ചായത്തില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് നിര്‍വഹിച്ചു. 

ക്ലബ് പ്രതിനിധി അഡ്വ. അനുരൂപ് ഗീത അശോകന്‍, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഫ്രാന്‍സിസ് തറയില്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി യു ജബ്ബാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എംഎൽഎ വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ ശുപാര്‍ശയെ തുടര്‍ന്നാണ് കളമശേരി മണ്ഡലത്തില്‍ തന്നെ ആദ്യത്തെ വീട് നിര്‍മിച്ചുകൊടുക്കാന്‍ ക്ലബ് ഭാരവാഹികള്‍ തീരുമാനിച്ചത്.

പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് ഒരു കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെയാണ് ഭവന നിര്‍മാണ പദ്ധതിയുമായി മുന്നോട്ടുവന്നതെന്നും പദ്ധതിയുടെ ഭാഗമായുള്ള കൂടുതല്‍ വീടുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ക്രിക്കറ്റിനെ സ്നേഹിക്കുന്ന മലയാളികളുടെ കൂട്ടായ്മയാണ് 2008 ല്‍ കേരള റോയല്‍ സ്പോര്‍ട്സ് ക്ലബിന്‍റെ രുപീകരണത്തിലേക്ക് നയിച്ചത്. യുഎസ് ക്രിക്കറ്റ് ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്ന എന്‍ടിസിഎ ലീഗിലുള്ള ക്ലബില്‍ നൂറിലധികം അംഗങ്ങളാണുള്ളത്. സ്പോര്‍ടിനൊപ്പം ചാരിറ്റിക്കും പ്രധാന്യം കൊടുത്തുകൊണ്ടാണ് ക്ലബിന്റെ പ്രവര്‍ത്തനമെന്നും ഭാരവാഹികള്‍ പറഞ്ഞു.

click me!