കൊച്ചി: പൊന്നുരുന്നിയിൽ അർദ്ധരാത്രി ടാർ ചെയ്ത് വൃത്തിയാക്കിയ റോഡ് പുലർച്ചെ തന്നെ വെട്ടിപ്പൊളിച്ച് വാട്ടർ അതോറിറ്റിയുടെ 'പൈപ്പിടൽ'. എട്ട് മാസമായി തകർന്ന് കിടന്ന റോഡ് നാട്ടുകാർ നിരന്തരം സമരം ചെയ്തിട്ടാണ് പിഡബ്ല്യുഡി വന്ന് ശരിയാക്കിക്കൊടുത്തത്. ഞായറാഴ്ച രാത്രിയോടെ ഈ റോഡിന്‍റെ ടാറിംഗ് പിഡബ്ല്യുഡി തീർത്തു. രാവിലെ വന്ന് വാട്ടർ അതോറിറ്റി കുഴിച്ചു, എല്ലാം ശരിയാക്കി.
ഒരാൾക്ക് ഇറങ്ങി നിൽക്കാൻ വലിപ്പമുള്ള കുഴിയാണ് ഇന്ന് വാട്ടർ അതോറിറ്റി പുത്തൻ പുതിയ റോഡിൽ കുഴിച്ചിരിക്കുന്നത്. പാലാരിവട്ടത്ത് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് യദുലാൽ എന്ന യുവാവ് മരിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടില്ല, അതിന് മുമ്പാണ് പുതിയ വെട്ടിപ്പൊളിക്കൽ.
സർക്കാർ വകുപ്പുകൾ തമ്മിൽ പലപ്പോഴും ഏകോപനമില്ലെന്ന പരാതി നിരന്തരം ഉയരാറുണ്ട്. എന്നാൽ അതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് പൊന്നുരുന്നി റോഡ്.
എട്ട് മാസമായി തകർന്ന് കിടന്ന പാലാരിവട്ടം - തമ്മനം -വൈറ്റില റോഡിന്‍റെ പേരിൽ ഹൈക്കോടതിയുടേത് അടക്കമുള്ള വിമർശനത്തിന് പിറകെയാണ് പൊതുമരാമത്ത് ടാംറിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയത്. എന്നാൽ ടാറിന്‍റെ ചൂടാറും മുൻപേ ഇന്ന് പുലർച്ചെയാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെത്തി കുത്തിപ്പൊളിച്ചത്. അമൃത് കുടിവെള്ളപദ്ധതിയുടെ പൈപ്പ് ടെസ്റ്റിംഗിന് വേണ്ടിയാണ് പൊന്നുരുന്നി പാലത്തിന് സമീപം റോഡിന്‍റെ മധ്യഭാഗത്ത് തന്നെ പത്ത് അടി നീളത്തിൽ റോഡ് വെട്ടിപ്പൊളിച്ചത്.
പ്രതിഷേധം അറിഞ്ഞ് സ്ഥലത്തെത്തിയ ജല അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്ധുവിനെയും നാട്ടുകാർ തടഞ്ഞു.
പൊളിച്ചിട്ട റോഡിൽ നാട്ടുകാർ രാവിലെത്തന്നെ പ്രതിഷേധവുമായെത്തി. തുടർന്ന് റോഡ് ഉപരോധിച്ചു. പാലാരിവട്ടം - പൊന്നുരുന്നി റോഡിൽ ഏറെ തിരക്കുള്ള നേരത്താണ് വെട്ടിപ്പൊളിക്കാൻ വാട്ടർ അതോറിറ്റി എത്തിയതെന്നത് നാട്ടുകാരുടെ രോഷം കൂട്ടി. തുടർന്ന് ജില്ലാ കളക്ടർ എസ് സുഹാസ് എത്തി ഇന്ന് തന്നെ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് നാട്ടുകാർ പിരിഞ്ഞ് പോയത്. ർ
വീഡിയോ:
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam